‘കെജിബി വിഷയത്തില്‍ കേന്ദ്രം എന്ത് നടപടിയെടുത്തു?‘

ന്യൂഡല്‍ഹി| WEBDUNIA|
PRO
നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് സുപ്രീംകോടതി ചോദിച്ചു. കെ ജി ബി വിഷയത്തില്‍ കേന്ദ്രം മറുപടി പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസായിരുന്ന കെ ജി ബാലകൃഷ്ണനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ്‌ സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ്‌ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മയാണ്‌ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്‌. ചീഫ്‌ ജസ്റ്റിസ്‌ എസ് എച്ച്‌ കപാഡിയ അധ്യക്ഷനായ ബഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്.

കെജിബിയുടെ മരുമകന്‍ ശ്രീനിജനും മറ്റുബന്ധുക്കളും വരവില്‍ കവിഞ്ഞ്‌ സ്വത്ത്‌ സമ്പാദിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടാണ് ഹര്‍ജി. ശ്രീനിജന്‍ അനധികൃതമായി കോടികളുടെ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. കെ ജി ബിയുടെ സഹോദരനായ കെ ജി ഭാസ്കരനും കണക്കില്ലാതെ ഭൂമി വാങ്ങിക്കൂട്ടി എന്ന ആരോപണം നേരിടുന്നുണ്ട്. കെ ജി ബി വിധി പ്രസ്താവിച്ച പല കേസുകളും വിവാദങ്ങളില്‍ പെട്ടിരുന്നു.

നിരന്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും പ്രതികരിക്കാതിരുന്ന കെ ജി ബി തന്റെ ആദായനികുതി വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് ഈയിടെ ആവശ്യപ്പെട്ടിരുന്നു. കെ ജി ബിയുടെയും ബന്ധുക്കളുടേയും സ്വത്തുവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം അറിയണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് കെ ജി ബി നിലപാട് വെളിപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :