ഹൈദരാബാദില്‍ ശക്തമായ മഴയിലും കൊടുങ്കാറ്റിലും വന്‍ നാശനഷ്ടം: ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഇടിയും മിന്നലുമായെത്തിയ കൊടുങ്കാറ്റും ശക്തമായ മഴയും ഹൈദരാബാദില്‍ വന്‍ നാശം വിതയ്ക്കുന്നു.

ഹൈദരാബാദ്, മഴ, കൊടുങ്കാറ്റ്, മരണം hyderabad, heavy rain, storm, death
ഹൈദരാബാദ്| സജിത്ത്| Last Updated: ശനി, 21 മെയ് 2016 (12:35 IST)
ഇടിയും മിന്നലുമായെത്തിയ കൊടുങ്കാറ്റും ശക്തമായ മഴയും ഹൈദരാബാദില്‍ വന്‍ നാശം വിതയ്ക്കുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അന്‍പത് കിലോമീറ്ററോളം വേഗതയിലാണ് നഗരപ്രാന്ത പ്രദേശങ്ങളില്‍ കാറ്റ് വീശിയടിക്കുന്നത്.

അതിശക്തമായ കാറ്റിനെ തുടര്‍ന്ന് വാട്ടര്‍ ടാങ്ക് മറിഞ്ഞു വീണുണ്ടായ അപകടത്തിലാണ് ഒരാള്‍ മരിച്ചത്. ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പൈന്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കനത്ത കാറ്റിനെ തുടര്‍ന്ന് തൊഴിലാളികള്‍ താഴെ വീണ് ഗുരുതരമായി പരുക്കേറ്റു. നഗരത്തിലുണ്ടായ വിവിധ അപകടങ്ങളിലായി പന്ത്രണ്ടോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലിയ ബോര്‍ഡുകളും കൊടിതോരണങ്ങളും തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ബഞ്ചാര ഹില്‍സിലെ കാര്‍ ഷോറൂമിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് കാറുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ വേരറ്റും ഒടിഞ്ഞുവീണും നഗരത്തില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :