ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 10 ഒക്‌ടോബര്‍ 2010 (13:01 IST)
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്ദ് സലാഹുദ്ദീന്‍ പാകിസ്ഥാന്‍ സെന്യത്തിന്റെയും ഐഎസ്‌ഐയുടെയും ഓഫീസര്‍മാര്‍ക്കൊപ്പം അതിര്‍ത്തി നിയന്ത്രണ രേഖയിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്.
മഞ്ഞുകാലം തുടങ്ങുന്നതിനു മുമ്പ് കൂടുതല്‍ ഭീകര്‍ ജമ്മു-കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമം നടത്തുമെന്ന സംശയം സലാഹുദ്ദീന്റെ സന്ദര്‍ശനത്തോടെ ബലവത്തായെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പ്രതികരിച്ചു.
നുഴഞ്ഞുകയറ്റക്കാരെ കടത്തിവിട്ട് ജമ്മു-കശ്മീരില്‍ അക്രമം സൃഷ്ടിക്കുന്ന പ്രവര്‍ത്തനം പാകിസ്ഥാന്‍ തുടരുകയാണ്. അതിര്‍ത്തി നിയന്ത്രണ രേഖയില്‍ നടക്കുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ കഴിഞ്ഞ ഒമ്പത് മാസമായി വര്‍ദ്ധിച്ചു വരികയാണെന്നും ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു.
2009 ല്‍ മൊത്തം 110 ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറി. ആകെ 413 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നടന്നത്. ഇതിനിടെ, 93 ഭീകരരെ സൈന്യം വധിച്ചു.