ഹസാരെ: രാജിഭീഷണിയുമായി ബിജെപി നേതാക്കള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
അണ്ണാ ഹസാരെ വിഷയത്തില്‍ പാര്‍ട്ടി വാചകക്കസര്‍ത്ത് നടത്തുക മാത്രമാണ് ചെയ്യുന്നത് എന്ന് ബിജെപി നേതാക്കള്‍. പാര്‍ട്ടിക്ക് ഹസാരെ വിഷയത്തില്‍ ശക്തമായ നിലപാട് ഇല്ല എന്ന് ആരോപിച്ച് യശ്വന്ത് സിന്‍‌ഹയും ശത്രുഘ്നന്‍ സിന്‍‌ഹയുമടക്കമുള്ള നേതാക്കള്‍ രാജി നല്‍കാനും സന്നദ്ധത പ്രകടിപ്പിച്ചു.

പാര്‍ട്ടിക്ക് വ്യക്തമായ നിലപാട് ഇല്ലാത്തത് കാരണം പൊതുജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിയാണെന്നായിരുന്നു നേതാക്കളുടെ നിലപാട്. ശക്തമായ നിലപാട് എടുക്കുന്നതില്‍ പരാജയപ്പെട്ട പാര്‍ട്ടി അഴിമതിക്കെതിരെയുള്ള സമരം മുന്നോട്ട് കൊണ്ടുപോകേണ്ടതായിരുന്നു എന്ന് യശ്വന്ത് സിന്‍‌ഹ അഭിപ്രായപ്പെട്ടു.

ഹസാരെ വിഷയത്തില്‍ അധരവ്യായാമം നടത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെ ഇടിസഞ്ചിയായിട്ടാണ് കാണുന്നതെന്നും ശത്രുഘ്ന സിന്‍‌ഹ തുറന്നടിച്ചു. ബുധനാഴ്ച എല്‍കെ അദ്വാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി എം‌പിമാരുടെ യോഗത്തിലായിരുന്നു യശ്വന്തും ശത്രുഘ്നന്‍ സിന്‍‌ഹയും പാര്‍ട്ടി നിലപാടിനെ ശക്തമായി വിമര്‍ശിച്ചത്.

എന്നാല്‍, ഇത്തരം യോഗങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരിക സാധാരണമാണെന്നും എന്നാല്‍ യോഗം അംഗീകരിക്കുന്ന പ്രമേയം മാത്രമാണ് പ്രധാനമെന്നും പാര്‍ട്ടി നേതാവ് എസ് എസ് അലുവാലിയ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :