സ്ത്രീസുരക്ഷ നടപ്പാക്കുന്നതില്‍ ഭരണസംവിധാനത്തിന് വീഴ്ച്ച പറ്റിയെന്ന് വര്‍മ്മ കമ്മിഷന്‍

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
സ്ത്രീസുരക്ഷ നടപ്പാക്കുന്നതില്‍ ഭരണസംവിധാനത്തിന് വീഴ്ച്ച പറ്റിയെന്ന് വര്‍മ്മ കമ്മിഷന്‍. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലാത്തത് ഭരണ സംവിധാനത്തിന്റെ പരാജയമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസുകളില്‍ ശിക്ഷ കര്‍ശനമാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ രാജ്യത്ത് പുതിയ നിയമങ്ങളുടെ ആവശ്യമില്ലെന്ന് കമ്മിഷന്‍ അറിയിച്ചു.
പോലീസില്‍ ഡിജിപിമാരെ നിയമിക്കുന്നതില്‍ അവലോകനം നടത്തണം. സംസ്ഥാന പോലീസ് മേധാവികളില്‍നിന്ന് പുതിയ നിയമ നിര്‍മ്മാണത്തിനായി പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവരൊന്നും ഈ പദവിയിലിരിക്കാന്‍ യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സംഭവത്തില്‍ ജോലിയില്‍ വീഴ്ച വരുത്തിയ പോലീസ് മേധാവി മാപ്പു പറയണം.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഡല്‍ഹി പോലീസ് മേധാവിയെ പ്രകീര്‍ത്തിച്ചത് തന്നെ ഞെട്ടിച്ചുവെന്നും ജസ്റ്റീസ് ജെ.എസ്. വര്‍മ്മ പറഞ്ഞു. ഡല്‍ഹി മാനഭംഗത്തിനു ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിച്ച ജസ്റ്റിസ് വര്‍മ കമ്മിറ്റി ഒരു മാസം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി എണ്‍പതിനായിരത്തോളം നിര്‍ദേശങ്ങള്‍ കമ്മിറ്റിക്ക് ലഭിച്ചു. സര്‍ക്കാര്‍ സന്നദ്ധ സംഘടനാ പ്രതിനിധികളുമായി ജസ്റ്റിസ് വര്‍മ നേരിട്ട് അന്വേഷണം നടത്തി. പ്രതികള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഷണ്ഡീകരണം, ആജീവനാന്ത വിലക്ക് തുടങ്ങിയ ശിക്ഷാരീതികളും പരിഗണനയിലുണ്ട്. ജുവനൈല്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകുന്നതിനുള്ള പരിധി 18ല്‍ നിന്നും 16 ആയി കുറയ്ക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. ജെ എസ് വര്‍മയുടെ ശിപാര്‍ശകള്‍ ലഭിച്ച ശേഷം മാനഭംഗ നിയമങ്ങളും അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :