രാജിവെച്ച ഒഡിഷ നിയമമന്ത്രി രഘുനാഥ് മൊഹന്തിയെ പോലീസ് അറസ്റ്റുചെയ്തു. സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ആരോപണമുണ്ടായതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ കണ്ട് മൊഹന്തി രാജി സമര്‍പ്പിച്ചത്. സ്ത്രീധനം കൂടുതല്‍ ചോദിച്ച് ഭര്‍ത്താവും കുടുംബവും നിരന്തരം പീഡിപ്പിക്കുകയാണെന്ന് മൊഹന്തിയുടെ മരുമകള്‍ വര്‍ഷ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മന്ത്രി മൊഹന്തി, ഭാര്യ പ്രീതിലത, മകനും വര്‍ഷയുടെ ഭര്‍ത്താവുമായ രാജശ്രീ മൊഹന്തി, മകള്‍ രൂപാശ്രീ എന്നിവര്‍ക്കെതിരെ ബാലസോര്‍ പോലീസ് കേസെടുത്തു.
പ്രശ്‌നം നിയമസഭയുടെ ബജറ്റ് സമ്മേളനത്തെ പിടിച്ചുലച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവെച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. താന്‍ നിരപരാധിയാണെന്നും എന്നാല്‍ ധാര്‍മികതയുടെ പേരില്‍ രാജിവെക്കുകയാണെന്നും മൊഹന്തി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 24നാണ് രാജശ്രീ, വര്‍ഷയെ വിവാഹംചെയ്തത്. 10 ലക്ഷം രൂപയും വീട്ടുപകരണങ്ങളും വിവാഹസമയത്ത് തന്റെ മാതാപിതാക്കള്‍ നല്‍കിയിരുന്നെന്ന് വര്‍ഷയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ 25 ലക്ഷം രൂപയും ഒരു സ്‌കോര്‍പ്പിയോ കാറും കൂടി വേണമെന്ന് അമ്മായിയമ്മ ആവശ്യപ്പെട്ടു.
താന്‍ ഇക്കാര്യം പരാതിപ്പെട്ടപ്പോള്‍, അമ്മായിയമ്മ പറഞ്ഞത് അനുസരിക്കാനാണ് ഭര്‍ത്താവും ഭര്‍തൃപിതാവും ഉപദേശിച്ചത്. ഇതു തന്നെ ഞെട്ടിച്ചു. ഇതിനിടെ കഴിഞ്ഞ 13ന് തന്നെ തട്ടിക്കൊണ്ടു പോയി കൊല്ലാനും ശ്രമം നടന്നു. തന്റെ കുടുംബാംഗങ്ങള്‍ കൃത്യസമയത്ത് എത്തിയാണ് അജ്ഞാതരില്‍നിന്ന് രക്ഷിച്ചത്. തുടര്‍ന്ന് താന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്ന് വര്‍ഷ പറഞ്ഞു.
അഞ്ചുതവണ എംഎല്‍എ ആയ മൊഹന്തി ബാസ്ത മണ്ഡലത്തെയാണ് ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്നത്. 2000 മുതല്‍ മന്ത്രിയാണ്. നഗരവികസനം, ഭവനനിര്‍മാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നുണ്ടായിരുന്നു.