സ്ത്രീകള്‍ ഇന്ത്യയെ പേടിക്കണം! സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ നാലാമത്തെ ലോക രാജ്യമാണ് ഇന്ത്യ എന്ന് ഒരു സര്‍വെ വെളിപ്പെടുത്തുന്നു. തോംസണ്‍ റോയിട്ടേഴ്സ് ഫൌണ്ടേഷന്റെ “ട്രസ്റ്റ് ലോ വുമണ്‍” ആണ് സര്‍വെ നടത്തിയത്.
അഫ്ഗാനിസ്ഥാനാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യം. അഫ്ഗാന് തൊട്ടു പിന്നില്‍ കോംഗോയും മൂന്നാം സ്ഥാനത്ത് പാകിസ്ഥാനുമാണ്. അതായത്, പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളില്‍ മൂന്നെണ്ണവും ഏഷ്യയില്‍ തന്നെ!
അഞ്ച് വന്‍കരകളില്‍ നിന്നുള്ള 213 വിദഗ്ധരില്‍ നിന്നാണ് സര്‍വെ നടത്തിയവര്‍ അഭിപ്രായം ശേഖരിച്ചത്. ആരോഗ്യപരവും ലൈംഗികപരവുമായ ഭീഷണികളെ കുറിച്ചും സാംസ്കാരികപരവും മതപരവുമായ അപകടങ്ങളെ കുറിച്ചും സാമ്പത്തികമായ പ്രശ്നങ്ങളും മറ്റും വിലയിരുത്തിയാണ് രാജ്യങ്ങള്‍ക്ക് റാങ്ക് നിശ്ചയിച്ചത്.
പെണ്‍ ഭ്രൂണഹത്യ, ശിശുമരണ നിരക്ക്, മനുഷ്യക്കടത്ത് എന്നിവ മൂലമാണ് ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയത്.
ഇന്ത്യയില്‍ 100 ദശലക്ഷം ആളുകള്‍ മനുഷ്യക്കടത്തിന് ഇരയാവുന്നു എന്ന് 2009-ല്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന മധുകര്‍ ഗുപ്ത പറഞ്ഞതും സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ മനുഷ്യക്കടത്തില്‍ 90 ശതമാനവും ആഭ്യന്തരമായാണ് നടക്കുന്നത്. രാജ്യത്ത് 30 ലക്ഷം പേര്‍ വേശ്യാവൃത്തി ചെയ്യുന്നു. ഇതില്‍, 40 ശതമാനം പേര്‍ കുട്ടികളാണെന്നും സിബിഐയും 2009-ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തൊഴില്‍പരമായും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന രാജ്യത്ത് നിര്‍ബന്ധിത വിവാഹങ്ങളും സാധാരണമാണ്. ഇന്ത്യയില്‍ ശിശുഹത്യയും പെണ്‍ ഭ്രൂണഹത്യയും കാരണം കഴിഞ്ഞ നൂറ്റാണ്ടില്‍ അഞ്ച് കോടിയോളം പെണ്‍കുട്ടികള്‍ ഇല്ലാതായി എന്ന് ‘യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ’ റിപ്പോര്‍ട്ടില്‍ പറയുന്നു.