സ്ത്രീകളെ ചുംബിച്ചു: വിദേശികള്‍ക്ക് അടിയുടെ പൂരം!

തൂത്തുക്കുടി| WEBDUNIA| Last Modified തിങ്കള്‍, 2 ജനുവരി 2012 (12:50 IST)
പുതുവര്‍ഷത്തലേന്ന് മദ്യലഹരിയില്‍ അഴിഞ്ഞാടിയ വിദേശികള്‍ തമിഴ്നാട്ടുകാരുടെ കൈയുടെ ചൂടറിഞ്ഞു. തൂത്തുക്കുടിയിലാണ് സംഭവം നടന്നത്. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് യു എസ് പൌരന്മാരെ തമിഴര്‍ കൈകാര്യം ചെയ്തത്.

കാര്‍ഗോ കപ്പലിലെ സെക്യൂരിറ്റി ജീവനക്കാരായ റസ്സല്‍ക്ലേ ഫ്രാന്‍സിസ്(48), ജോണ്‍ ഡൈഗ്ലാസ്(47) എന്നിവരും മറ്റൊരു വിദേശിയും ചേര്‍ന്നാണ് സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചത്. ഇവരുടെ കപ്പല്‍ തൂത്തുക്കുടി സമീപം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത ഹോട്ടലില്‍ നിന്ന് നന്നായി മദ്യപിച്ച ശേഷം ഇവര്‍ സ്ഥലവാസികള്‍ക്ക് പുതുവര്‍ഷം ആശംസിക്കാന്‍ പാളയംകോട്ടൈ-തൂത്തുക്കുടി റോഡിലേക്കിറങ്ങുകയായിരുന്നു. റോഡില്‍ ഡാന്‍സ് ചെയ്ത ഇവര്‍ യാത്രക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നു, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഷേക്ക് ഹാന്റ് നല്‍കി. തുടര്‍ന്ന് പാശ്ചാത്യരീതിയില്‍ ആശംസകള്‍ നല്‍കാന്‍ തുടങ്ങിയപ്പോഴാണ് കഥ മാറിയത്. വഴിയില്‍ കണ്ട സ്ത്രീകളെ ഇവര്‍ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ നിലവിളിച്ചുകൊണ്ടോടി.

ഷൂ ധരിച്ച്, ബിയര്‍ ബോട്ടിലുമായി ഇവര്‍ അവിടെയുള്ള ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എല്ലാം കണ്ട് സഹികെട്ട പ്രദേശവാസികള്‍ ഇവരെ കണക്കിന് തല്ലി. ഒടുവില്‍ പൊലീസ് എത്തിയപ്പോഴാണ് അടി നിര്‍ത്തിയത്. പരുക്കേറ്റ വിദേശികളെ ആശുപത്രിലാക്കി. ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്നാമനെ പിടികൂടാനായിട്ടില്ല. സ്ത്രീകളെ അപമാനിച്ചതിനും ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച് മതവിശ്വാസം വ്രണപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു.

വിദേശികളെ ആക്രമിച്ചതിന് നാട്ടുകാര്‍ക്കെതിരേയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :