ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിതവില്യംസ് ഗുജറാത്ത് സന്ദര്‍ശിക്കും. സെപ്‌റ്റംബര്‍ 20 നായിരിക്കും അവര്‍ ഗുജറാത്തിലെത്തുക. ഒരാഴ്‌ചത്തെ സന്ദര്‍ശനത്തിനായിട്ടാണ് സുനിത ഗുജറാത്തിലെത്തുന്നത്.
സുനിതയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അവരുടെ പിതാവ് ദീപക് പാണ്ഡ്യ, സഹോദര പത്നി ഫല്‍ഗുനി പാണ്ഡ്യ എന്നിവര്‍ തിങ്കളാഴ്‌ച വൈകീട്ട് അഹമ്മദബാദിലെത്തി.
ഗുജറാത്തില്‍ സുനിത ഗാന്ധി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തും. പിതാവിന്‍റെ ഗ്രാമമായ ജുഗുലാസനിലും സുനിത സന്ദര്‍ശനം നടത്തും. കല്‍പ്പന ചൌളക്കു ശേഷം ബഹിരാകാശ സഞ്ചാരം നടത്തിയ രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് സുനിതവില്യംസ്.
ഏറ്റവും കൂടുതല്‍ ദിവസം തുടര്‍ച്ചയായി ബഹിരാകാശത്ത് തങ്ങുന്ന വനിതയെന്ന ലോക റെക്കോര്‍ഡ് സുനിത നേടിയിട്ടുണ്ട്.
188 ദിവസവും നാല് മണിക്കൂറും ബഹിരാകാശത്ത് കഴിഞ്ഞ ഷാനോന്‍ ലൂസിഡിന്‍റെ റെക്കാഡാണ് സുനിത തകര്‍ത്തത്. ഷാനോന്‍ 1996ലായിരുന്നു ഈ റെക്കാഡ് സ്ഥാപിച്ചത്.