സിഖ് വംശജരുടെ കൂട്ടക്കുരുതിക്ക് പൊലീസ് ഒത്താശ: കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 23 ഏപ്രില്‍ 2014 (08:54 IST)
PTI
1984-ലെ സിഖ് വിരുദ്ധ കലാപത്തിന് പൊലീസ് കൂട്ടു നിന്നുവെന്ന് വെബ് പോര്‍ട്ടലായ കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍. സിഖ് സമുദായത്തെ പാഠം പഠിപ്പിക്കാന്‍ പോലീസ് സര്‍ക്കാരുമായി സന്ധി ചെയ്തുവെന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുറ്റസമ്മതമാണ് കോബ്ര പോസ്റ്റ് ഒളിക്യാമറയില്‍ കുടുക്കിയിരിക്കുന്നത്.

കോബ്രാ പോസ്റ്റ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് അസിറ്റ് ദീക്ഷിത് കലാപ കാലത്ത് ഡല്‍ഹിയിലെ പൊലീസ് സ്റ്റേഷനുകളില്‍ സേവനമനുഷ്ടിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖത്തില്‍ പലരും കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സിഖുകാര്‍ക്കെതിരെ ജനവികാരം ശക്തമാണെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്ന് പല പൊലീസ് മേധാവികളും ക്യാമറ ദൃശ്യങ്ങളില്‍ സമ്മതിക്കുന്നുണ്ട്.

കലാപം രൂക്ഷമാകാ കാരണം പൊലീസ് മേധാവിയായിരുന്ന എസ്.ജി ടണ്ടന്‍ സര്‍ക്കാരുമായി സന്ധി ചെയ്തതാണെന്നും ആദ്യ രണ്ട് ദിവസം കലാപം നിയന്ത്രണ വിധേയമായിരുന്നില്ലെന്നും കൃഷ്ണനഗറിലേയും ശ്രീനിവാസ്പുരിയിലേയും സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാരായിരുന്ന എസ്എസ് ത്യാഗിയും ഒപി യാദവും വെളിപ്പെടുത്തുന്നു.

കലാപവും കൊലപാതകങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടും പൊലീസ് രേഖപ്പെടുത്തിയത് വെറും രണ്ട് ശതമാനം വിവരങ്ങള്‍ മാത്രമാണ്. സ്ഥലംമാറ്റം ഭയന്ന് പല ഉദ്യോഗസ്ഥരും മൗനം പാലിച്ചു. കലാപകാരികള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത് നിസാര കേസുകള്‍ മാത്രമാണെന്നും വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു.

കലാപകാരികളെ നേരിടുന്നതില്‍ നിന്നും കീഴുദ്യോഗസ്ഥരെ മേലുദ്യോഗസ്ഥര്‍ വിലക്കിയതായും അവര്‍ സമ്മതിക്കുന്നു. കലാപത്തിന് തീവ്രത കുറയ്ക്കാന്‍ മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ പൊലീസ് കലാപകാരികള്‍ക്കൊപ്പം കൂട്ടുനില്‍ക്കുകയും ചെയ്തു. എന്തായാലും പൊലീസ് മേധാവികളുടെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കുമെന്നതില്‍ സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :