സി ഡി വിവാദത്തില്‍ അകപ്പെട്ട ലോക്പാല്‍ ബില്‍ സമിതി ഉപാധ്യക്ഷന്‍ ശാന്തി ഭൂഷണ് അണ്ണാ ഹസാരെയുടെ പിന്തുണ. ശാന്തി ഭൂഷണ്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കുന്നതിനെ കുറിച്ച് പുറത്തിറക്കിയ സി ഡി വ്യാജമാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.
സി ഡി വ്യാജമാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. ശാന്തി ഭൂഷണ്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, മന:പൂര്‍വം അദ്ദേഹത്തിനു മേല്‍ കരിവാരിത്തേയ്ക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ അത് ശരിയല്ല. തനിക്ക് ആരെക്കുറിച്ചും ഉറപ്പൊന്നും പറയാന്‍ സാധിക്കില്ല. ശാന്തി ഭൂഷണെ അടുത്തകാലത്താണ് പരിചയപ്പെട്ടതെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
ശാന്തി ഭൂഷണും സമാജ്‌വാദി അധ്യക്ഷന്‍ മുലായം സിംഗ് യാദവും പാര്‍ട്ടിയുടെ മുന്‍ നേതാവ് അമര്‍ സിംഗും ഒരു ജഡ്ജിയെ സ്വാധീനിക്കുന്നതിനെ കുറിച്ച് നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളുടെ സി ഡി ആണ് അജ്ഞാതര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്. എന്നാല്‍, ഇത് വ്യാജ സി ഡി ആണെന്ന് കാണിച്ച് ശാന്തി ഭൂഷണ്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി.
ഇതിനിടെ, ലോക്പാല്‍ ബില്‍ പാസാക്കുന്നത് സംബന്ധിച്ച നിലപാടുകളില്‍ അണ്ണാ ഹസാരെ അയവ് വരുത്തി. പാര്‍ലമെന്റിനാണ് ഇക്കാര്യത്തില്‍ പരമാധികാരമുള്ളത് എന്നും പാര്‍ലമെന്റ് ബില്ല് പാസാക്കിയില്ല എങ്കില്‍ അത് അംഗീകരിക്കുമെന്നും ഹസാരെ പറഞ്ഞു. ബില്ല് പാസാക്കാന്നുതിന് വേണ്ടി താന്‍ നിശ്ചയിച്ച ഓഗസ്റ്റ് 15 എന്ന കാലാവധിയില്‍ ഇളവു വരുത്താനും ഹസാരെ തയ്യാറായി എന്നാണ് റിപ്പോര്‍ട്ടുകള്‍.