ഡല്‍ഹി|
rahul balan|
Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (14:18 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ വലിയ രാജ്യസ്നേഹിയാണ് താനെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി സംസാരിച്ചതിനാണ് തനിക്കെതിരെ മോദി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും കേജ്‌രിവാള്‍ പറഞ്ഞു. ‘ജെ എന്‍ യു ക്യാമ്പസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് ജമ്മു കാശ്മീരില്‍ നിന്ന് ഉള്ളവരാണ്. ഇവര്‍ക്കെതിരെ നടപടിയെടുത്ത് പി ഡി പിയുമായുള്ള ബന്ധം തകര്‍ക്കാന്‍ നരേന്ദ്ര മോഡിക്ക് താല്‍പ്പര്യമില്ല’ - കേജ്‌രിവാള്‍ പറഞ്ഞു.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ എന്നിവർക്കെതിരെ ഇന്നലെയാണ് രാജ്യദ്രോഹത്തിന് കേസ് റജിസ്റ്റർ ചെയ്തത്. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ദിവസേന നമ്മുടെ സൈനികര്‍ വീരമൃത്യുവരിക്കുമ്പോള്‍ ദേശവിരുദ്ധ ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പികുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
സി പി ഐ നേതാവ് ഡി രാജ, ഡൽഹി ജെ എൻ യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ, ഉമർ ഖാലിദ്, ആനന്ദ് ശർമ എന്നിവർക്കെതിരെയും രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്. തെലങ്കാന സൈബരാബാദിലെ സരൂർ നഗർ പൊലീസാണ് കേസെടുത്തത്.രംഗറെഡ്ഢി ജില്ലാ കോടതിയുടെ നിർദേശപ്രകാരമാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.