സരബ്ജിത് സിംഗിന്‍റെ കുടുംബം അന്താരാഷ്ട്ര കോടതിയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 28 ജനുവരി 2010 (09:33 IST)
പാക് ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഇന്ത്യാക്കാരന്‍ സരബ്ജിത് സിംഗിന്‍റെ മോചനത്തിനായി കുടുംബം അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നു. സരബ്ജിത് സിംഗിന്‍റെ സഹോദരിയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

ലാഹോറിലും മുള്‍ട്ടാനിലും 1990 ല്‍ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് സരബ്ജിത് സിംഗിനെ പാകിസ്ഥാന്‍ പിടികൂടിയത്. 1991 മുതല്‍ പാകിസ്ഥാനിലെ കോട്ട് ലഖ്പത് ജയിലിലാണ് സരബ്ജിത് സിംഗ്. കേസില്‍ സരബ്ജിത്തിനെ തൂക്കിലേറ്റാനും പാകിസ്ഥാന്‍ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇത് നീട്ടിവെക്കുകയായിരുന്നു.

സരബ്ജിത് സിംഗ് ഈ കേസില്‍ നിരപരാധിയാണെന്നും ആളുമാറിയാണ് സിംഗിനെ പാകിസ്ഥാന്‍ ശിക്ഷിച്ചിരിക്കുന്നതെന്നും ആണ് കുടുംബാംഗങ്ങള്‍ വിശദീകരിക്കുന്നത്. നേരത്തെ പാകിസ്ഥാന്‍ പ്രസിഡന്റിനും കുടുംബാംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍റെ തുടര്‍നടപടികളില്‍ വേണ്ടത്ര പുരോഗതിയില്ലാത്തതിനാലാണ് അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചത്.

1990 ലെ സ്ഫോടന പരമ്പരകളില്‍ ഉള്‍പ്പെട്ട മന്‍‌ജിത് സിംഗ് എന്നയാളാണ് കേസിലെ യഥാര്‍ത്ഥ പ്രതിയെന്നും മഞ്ജിത്തിനെ അറസ്റ്റ് ചെയ്യാതെ അയാളുടെ സ്ഥാനത്ത് സരബ്ജിത്തിനെ പ്രതിഷ്ഠിക്കുകയായിരുന്നു എന്നും ദയാഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :