ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 29 ജൂലൈ 2009 (16:13 IST)
മുബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആവശ്യമായ തെളിവുകള്‍ കൈമാറിയിട്ടുണ്ട് എന്നും അതിനാല്‍ കുറ്റവാളികളെ പാകിസ്ഥാന്‍ ഉടന്‍ വിചാരണ ചെയ്യണമെന്നും ആഭ്യന്തര മന്ത്രി പി ചിദംബരം. ജമാത്ത് ഉദ് ദാവ (ജെയുഡി) തലവന്‍ ഹഫീസ് സയീദിനെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ല എന്ന പാക് പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിച്ച് നടപടികള്‍ എടുക്കുകയാണ് വേണ്ടത്. ഇന്ത്യ കൈമാറിയ രേഖകളില്‍ നടപടി എടുക്കാന്‍ ആവശ്യമായ എല്ലാ തെളിവുകളും ഉണ്ട്. സയീദിനെതിരെ തെളിവില്ല എന്ന പാക് വാദം അസ്വസ്ഥത ഉണ്ടാക്കുന്നു എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
സയീദിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇല്ല എന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സയീദിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ ഇതിനു മുമ്പും പലതവണ മലക്കം മറിച്ചില്‍ നടത്തിയിരുന്നു.
യു എന്‍ ജെയുഡിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചപ്പോള്‍ സയീദിനെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. പിന്നീട്, സയീദിനെതിരെ തെളിവുകളില്ല എന്ന കാരണത്താല്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. പിന്നീട്, ഗിലാനിയും മന്മോഹന്‍ സിംഗും ഈജിപ്തില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ സയീദിനെതിരെ നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
ലഷ്കര്‍-ഇ-തൊയ്ബയുടെ സ്ഥാപക നേതാവാണ് സയീദ്. ലഷ്കറിനെ നിരോധിച്ചപ്പോള്‍ അത് ജമാത്ത് ഉദ് ദാവ എന്ന പേരില്‍ പുനരവതരിക്കുകയായിരുന്നു. 2001 പാര്‍ലമെന്റ് ആക്രമണ കേസിലും 26/11 കേസിലും ലഷ്കറാണ് പ്രതിസ്ഥാനത്ത് എന്ന് ഇന്ത്യ കരുതുന്നു.