സംരക്ഷിത മേഖലകളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ വിലക്കും
ന്യൂഡല്‍ഹി: |
WEBDUNIA|
Last Modified ഞായര്‍, 27 ജനുവരി 2013 (12:16 IST)
PRO
PRO
പരിസ്ഥിതി പ്രാധാന്യമനുസരിച്ച് സംരക്ഷിത മേഖലകളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ വിലക്കും. പ്രദേശങ്ങളെ അലംഘനീയ മേഖലകളായി തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ കരടിന് രൂപംനല്കി. ജൈവവൈവിധ്യം, ഭൂപ്രാധാന്യം തുടങ്ങിയവ അനുസരിച്ച് മേഖലകള്‍ തിരിക്കണമെന്ന് വിദഗ്ധ സമിതി വനം-പരിസ്ഥിതി മന്ത്രാലയത്തിന് ശിപാര്‍ശ നല്കി.
അലംഘനീയ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിലക്കും. മാധവ് ഗാഡ്ഗില്‍ പശ്ചിമഘട്ടത്തെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളായി തിരിച്ചതിന് സമാനമായ രീതിയിലാണ് സംരക്ഷണം അര്‍ഹിക്കുന്ന വനമേഖലയെ നിര്‍ണയിക്കാന്‍ വനം പരിസ്ഥിതി മന്ത്രാലയം ഒരുങ്ങുന്നത്. വികസന പ്രവര്‍ത്തനവും ഖനനവും നിരോധിക്കേണ്ട മേഖലകള്‍ തയ്യാറാക്കുന്ന കാര്യം പരിശോധിച്ച വനം പരിസ്ഥിതി മന്ത്രാലയം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജൈവവൈവിധ്യം, വന്യജീവി സാന്നിധ്യം, വനസമ്പത്ത്, ജലസ്രോതസ്സ് എന്നിവ പരിഗണിച്ച അലംഘനീയ വനമേഖലകള്‍ കണ്ടെത്തണമെന്നാണ് സമിതി ശിപാര്‍ശ.
സംരക്ഷിത വനപ്രദേശം, ദേശീയോദ്യാനം, പരിസ്ഥിതി ലോലമേഖല എന്നിവയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വികസന പ്രവര്‍ത്തനം വിലക്കണമെന്ന നിര്‍ദേശമുണ്ട്. വെള്ളച്ചാട്ടം, നദികള്‍, ചതുപ്പുനിലം എന്നിവയുടെ 250 കിലോമീറ്റര്‍ പരിധി അലംഘനീയ മേഖലയായി പ്രഖ്യാപിക്കും. ഫോറസ്റ്റ് സര്‍വ്വെ ഓഫ് ഇന്ത്യയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് അലംഘനീയ വനമേഖല കണ്ടെത്തേണ്ടത്. പരാതിയുണ്ടെങ്കില്‍ ഫെബ്രുവരി 23നകം നിലപാട് അറിയിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സംയുക്ത ശ്രമത്തോടെ വേണം അലംഘനീയ മേഖലകള്‍ സംരക്ഷിക്കാന്‍.