അഹമ്മദാബാദ്|
WEBDUNIA|
Last Modified ശനി, 24 ജൂലൈ 2010 (19:27 IST)
PTI
സൊഹ്റാബുദ്ദീന്‍ വ്യാജ എറ്റുമുട്ടല്‍ കേസ് സുപ്രീംകോടതി സിബിഐയ്ക്ക് കൈമാറിയ ശേഷം അമിത് ഷായും മറ്റ് രണ്ട് കുറ്റാരോപിതരും ചേര്‍ന്ന് സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നതായി സിബിഐ. ഷായ്ക്കെതിരെ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.
കേസിലെ കുറ്റാരോപിതരും തന്റെ വിശ്വസ്തരുമായ അജയ് പട്ടേലിനെയും യശ്പാല്‍ ചുദാസ്മയെയും ഉപയോഗിച്ച് ഷാ സാക്ഷികളെ ഭീഷണിപ്പെടുത്താനും ബലപ്രയോഗത്തിലൂടെ സത്യം മറയ്ക്കാനും ശ്രമം നടത്തി എന്നാണ് അന്വേഷണ ഏജന്‍സി ആരോപിക്കുന്നത്. 2010 ജനുവരിയിലാണ് കേസ് സിബിഐക്കു കൈമാറിയത്.
ഡിസിപി അഭയ് ചുദാസ്മ എഴുതി തരുന്ന കാര്യങ്ങള്‍ മാത്രം സിബിഐയെ ധരിപ്പിച്ചാല്‍ മതി എന്ന് അജയ് പട്ടേല്‍ പറഞ്ഞതായി ദശരഥ് പട്ടേല്‍, രമണ്‍ പട്ടേല്‍ എന്നീ സാക്ഷികളെ ചോദ്യം ചെയ്തതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു എന്ന് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. അഭയ് ചുദാസ്മയും കുറ്റാരോപിതനാണ്.
ഷായുടെ ദൂതര്‍ നാല് തവണ വ്യത്യസ്ത സ്ഥലങ്ങളില്‍ വച്ച് തങ്ങളെ കണ്ടതായി സാക്ഷികള്‍ പറയുന്നു. ഇവര്‍ രഹസ്യമായി എടുത്ത് സൂക്ഷിച്ചിരുന്ന കൂടിക്കാഴ്ചകളുടെ വീഡിയോ ദൃശ്യങ്ങള്‍ പിടിച്ചെടുത്തതായും ഈ ദൃശ്യങ്ങളില്‍ നിന്ന് അജയും യശ്പാലും കേസിന് ആസ്പദമായ ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന് വ്യക്തമാവുമെന്നും സിബിഐ പറയുന്നു.
ദശരഥിന്റെയും രമണിന്റെയും ഉടമസ്ഥതയിലുള്ള പോപുലര്‍ ബില്‍ഡേഴ്സില്‍ വച്ച് 2004 ല്‍ ഗുജറാത്ത് പൊലീസ് ഒരു വെടിവയ്പ് നടത്തിയിരുന്നു. ഇത് സൊഹ്റാബുദ്ദീന്‍ എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനായി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു എന്നും രാജസ്ഥാനിലെ മാര്‍ബിള്‍ ലോബിക്ക് വേണ്ടിയാണ് സൊഹ്റാബുദ്ദീനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എന്നും സിബിഐ പറയുന്നു. സൊഹ്റാബുദ്ദീന്‍ ഗുണ്ടാപ്പണം ആവശ്യപ്പെടുന്നതില്‍ നിന്ന് രക്ഷ നേടാനായിരുന്നു രാജസ്ഥാന് ലോബിയുടെ ശ്രമം.
സൊഹ്റാബുദ്ദീനും ഭാര്യ കൌസുര് ബിയും ഗുജറാത്ത് പൊലീസിന്റെ അനധികൃത കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ ഐപിഎസ് ഓഫീസര്‍ ആയിരുന്ന ഡിജി വണ്സാര ഷായില്‍ നിന്ന് ടെലഫോണിലൂടെ നിരന്തരം നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. കൌസുര് ബിയെ വധിക്കാനുള്ള നിര്‍ദ്ദേശം നല്കിയതും ഷാ ആണെന്നാണ് സിബിഐ പറയുന്നത്. വണ്സാര ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.