ചെന്നൈ|
JOYS JOY|
Last Modified വ്യാഴം, 14 മെയ് 2015 (10:25 IST)
ശേഷാചലം കൂട്ടക്കൊലയെ സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുത്തു. കമ്മീഷന്‍ അംഗങ്ങളായ നാലുപേര്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് നേരിട്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഏപ്രില്‍ ഏഴിനായിരുന്നു
ശേഷാചലം കൂട്ടക്കൊല നടന്നത്.
ചന്ദന കള്ളക്കടത്തുകാരെന്ന് ആരോപിച്ച് തമിഴ്നാട് സ്വദേശികളായ 20 പേരെ ആന്ധ്രയിലെ ചിറ്റൂര്‍ ശേഷാചലം വനമേഖലയില്‍ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ, ധര്‍മപുരി, സേലം ജില്ലകളില്‍ പെട്ടവരായിരുന്നു വെടിവെപ്പില്‍ മരിച്ചത്.
തെളിവെടുപ്പിന്റെ ഭാഗമായി കഴിഞ്ഞദിവസം തിരുവണ്ണാമലൈ ജില്ലയിലെ എട്ട് പേരുടെ കുടുംബങ്ങളില്‍ നിന്നാണ് തെളിവെടുത്തത്. ഇവിടുത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനു ശേഷം ധര്‍മപുരി, സേലം ജില്ലകളില്‍ നിന്നുള്ളവരുടെ ബന്ധുക്കളില്‍ നിന്നും തെളിവെടുക്കും.
കൂലിത്തൊഴിലാളികളായ തങ്ങളുടെ പ്രിയപ്പെട്ടവരെ ചന്ദനകൊള്ളക്കാരെന്ന് ആരോപിച്ച് പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നെന്നാണ് ബന്ധുക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്.
സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശശികുമാറിന്റെ ഭാര്യ മുനിയമ്മാള്‍ സംഭവം നടന്ന ആന്ധ്രയിലെ ചിറ്റൂര്‍ പൊലീസിലും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ തെളിവെടുക്കാന്‍ എത്തിയത്.