വഞ്ചന കാട്ടിയതിന്റെ പേരില്‍ തോഴി ശശികലയെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പുറത്താക്കിയത് നാല് മാസങ്ങള്‍ക്ക് മുമ്പായിരുന്നു. ശശികലയ്ക്കൊപ്പം അവരുടെ ബന്ധുക്കളെയും ജയലളിത എഐഎഡിഎംകെയില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. എന്നാല്‍തെറ്റ് മനസ്സിലായെന്നും തനിക്ക് ജയലളിതയുടെ അടുത്തേക്ക് തന്നെ തിരിച്ചുവരണം എന്നും വ്യക്തമാക്കിയിരിക്കുകയാണ് ശശികല ഇപ്പോള്‍.
അണ്ണാ ഡിഎംകെയുടെ ഉടമസ്ഥതയിലുള്ള ജയ ടിവിയിലൂടെയാണ് ശശികല പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ജയലളിതയെ വഞ്ചിച്ച തന്റെ എല്ലാ ബന്ധുക്കളെയും താന്‍ തള്ളിപ്പറയുകയാണ്. ഇനിയുള്ള കാലം ജയലളിതയെ സേവിച്ചു കഴിയാനാണ് ആഗ്രഹം. ജയലളിതയ്ക്കെതിരെ ഗൂഢാലോചന നടന്ന വിവരവും പാര്‍ട്ടി താത്പര്യങ്ങള്‍ക്കെതിരായ സംഭവങ്ങളും പുറത്താക്കപ്പെട്ട ശേഷമാണ് തനിക്ക് ബോധ്യപ്പെട്ടത്. രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമില്ലെന്നും ശശികല പറയുന്നു.
ശശികലയെയും ഭര്‍ത്താവ് നടരാജന്‍ അടക്കം 14 ബന്ധുക്കളെയും 2011 ഡിസംബറില്‍ ആണ് ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇവരുമായി ഒരു ബന്ധവും പാടില്ലെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. സമാന്തര ഭരണകൂടമായി പ്രവര്‍ത്തിച്ചു എന്നും ജയലളിതയെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തി എന്നുമായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. പിന്നീട് ജയലളിതയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിചാരണാവേളയില്‍ അവര്‍ക്കനുകൂലമായാണ് ശശികല മൊഴി നല്‍കിയത്.
English Summary: Exactly 100 days after being expelled from the residence of Chief Minister and All India Anna Dravida Munnetra Kazhagam general secretary Jayalalithaa, her estranged friend V. K. Sasikala on Wednesday disowned her controversial relatives.