അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജപ്രചാരണം നടത്തുന്നതില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് തെളിവ് ആവശ്യപ്പെട്ടു. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. അസം ജനതയ്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് മൊബൈല്‍ ഫോണ്‍ വഴിയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയും സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പതിനായിരക്കണക്കിന് അസംകാരാണ് ഇന്ത്യയിലെ നഗരങ്ങളില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്തത്.
അസമില്‍ ബോഡോവാദികളും ബംഗ്ലാദേശി മുസ്ലീങ്ങളും തമ്മിലുണ്ടായ കലാപത്തിന് തൊട്ടു പിന്നാലെയാണ് വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളും തെറ്റായ കഥകളും പാകിസ്ഥാനില്‍ നിന്നാണ് പ്രചരിപ്പിച്ചതെന്ന് ഇന്ത്യയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട് എന്ന് ഷിന്‍ഡെ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്.
പ്രകൃതി ക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങളാണ് കലാപത്തിന് ഇരയായവര്‍ എന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ഇത്തരം ദുഷ്പ്രചാരണങ്ങള്‍ തടയാന്‍ പാകിസ്ഥാന്റെ സഹകരണം വേണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.