വീണ്ടും ലൈംഗിക പീഡന കേസ്: ആശാറാം ബാപ്പുവും മകന്‍ നാരായണ്‍ സായിയും പീഡിപ്പിച്ചെന്ന് സഹോദരിമാര്‍
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
നിലവില്‍ പീഡനക്കേസില്‍ ജയിലിലുള്ള ആത്മീയ നേതാവ് ആശാറാം ബാപ്പുവിനെതിരെ വീണ്ടും ലൈംഗിക പീഡന കേസ്. ആശാറാം ബാപ്പുവും മകന്‍ നാരായണ്‍ സായിയും പീഡിപ്പിച്ചെന്ന് കാണിച്ച് സൂറത്ത് സ്വദേശികളായ സഹോദരിമാര്‍ പരാതി നല്‍കി.
അഹമ്മദാബാദിലെ ആശ്രമത്തില്‍ വെച്ച് തന്നെ ആശാറാം ബാപ്പു പീഡിപ്പിച്ചെന്നാണ് മുതിര്‍ന്ന സഹോദരി പരാതിയില്‍ പറയുന്നത്. സൂറത്തില്‍ വെച്ച് നാരായണ്‍ സായി പീഡിപ്പിച്ചെന്ന് രണ്ടാമത്തെ സഹോദരിയും ആരോപിക്കുന്നു. ആശാറാമിന്റെ അനുയായികളായിരുന്ന 2002- 2004 കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നാണ് സഹോദരിമാര്‍ പറയുന്നത്.
ആഗസ്തിലാണ് സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ചതിന് 75കാരനായ ആശാറാം ബാപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലാണ് ആത്മീയ നേതാവെന്ന് അറിയിപ്പെടുന്ന ആശാറാം ബാപ്പു. ആശാറാം ബാപ്പുവിന് പേഡോഫീലിയ(കുട്ടികളോടുള്ള ലൈംഗിക ആകര്‍ഷണം)യാണെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
എന്നാല്‍ ആശാറാമിന്റെ അഭിഭാഷകനായ രാംജത് മലാനി പീഡിപ്പിച്ചതായി പരാതി നല്‍കിയ കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നാണ് വാദിച്ചത്. കഴിഞ്ഞ ആഗസ്തിലാണ് പെണ്‍കുട്ടി അച്ഛനമ്മമാര്‍ക്കൊപ്പം ജോധ്പൂരിലെ ആശ്രമത്തിലെത്തി ആശാറാമിനെ കണ്ടത്. പെണ്‍കുട്ടി ആശാറാമിനൊപ്പം ഒരു മണിക്കൂര്‍ മുറിയില്‍ കഴിഞ്ഞു. പ്രേത ബാധ ഒഴിപ്പിക്കാനെന്ന് രക്ഷിതാക്കളോട് പറഞ്ഞാണ് ആശാറാം പെണ്‍കുട്ടിക്കൊപ്പം മുറിയില്‍ കഴിഞ്ഞതെന്നും പോലീസ് അറിയിച്ചു.