വിലക്കയറ്റം: പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 28 ജൂലൈ 2010 (13:40 IST)
PTI
വിലക്കയറ്റ പ്രശ്നത്തെ തുടര്‍ന്ന് ബുധനാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ചോദ്യോത്തര വേള നിര്‍ത്തിവച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ഇടതുപക്ഷവും ബഹളം വച്ചതിനെതുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു.

വിലക്കയറ്റത്തെ കുറിച്ച് വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷം ഇരു സഭകളിലും ഉന്നയിച്ചത്. ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസില്‍ തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന്, അടിയന്തിര പ്രമേയം എന്തിന് അനുവദിക്കണം എന്നതിനെ കുറിച്ച് ചര്‍ച്ച നടത്താന്‍ സ്പീക്കര്‍ മീരാ കുമാര്‍ അനുമതി നല്‍കി.

തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പ്രമേയം അനുവദിക്കപ്പെടണമെന്ന് ബിജെപിയും ഇടതുപക്ഷവും ശക്തിയുക്തം വാദിച്ചു. എന്നാല്‍, പ്രമേയം അനുവദിക്കേണ്ടതില്ല എന്നാണ് പ്രണാബ് മുഖര്‍ജി ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഭരണഘടനാപരമായും നിയമപരമായുമുള്ള കടമകള്‍ നിര്‍വഹിച്ചിട്ടുണ്ട് എന്നും അങ്ങനെ അല്ലാത്ത സാഹചര്യത്തിലാണ് അടിയന്തിര പ്രമേയം അനുവദിക്കപെടേണ്ടത് എന്നും പ്രണാബ് വാദിച്ചു.

അടിയന്തിരപ്രമേയത്തിലുള്ള റൂളിംഗ് ഉച്ചയ്ക്ക് ശേഷമുണ്ടാവുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും ഇനി ചേരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :