ലൈംഗിക പീഡനം: കാശ്മീര്‍ ആരോഗ്യമന്ത്രിക്കെതിരേ കേസ്

ശ്രീനഗര്‍| WEBDUNIA|
PRO
PRO
ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കാശ്മീര്‍ ആരോഗ്യമന്ത്രിക്കെതിരേ കേസ്. വനിതാ ‌ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കാശ്മീരിലെ കോണ്‍ഗ്രസ് മന്ത്രി ഷബീര്‍ അഹമ്മദ് ഖാനെതിരേ പൊലീസ് കേസെടുത്തത്. ഖാനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മീറ്റിംഗിനെന്നു പറഞ്ഞ് തന്നെ വിളിച്ചുവരുത്തി സെക്രട്ടേറിയറ്റിലെ സ്വന്തം ഓഫീസില്‍ വച്ചായിരുന്നു പീഡനശ്രമമെന്നാണ് പരാതി.

യുവതി ജോലി ചെയ്യുന്ന ആശുപത്രിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന്റെ സന്ദര്‍ശനത്തോടെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കമായത്. ഒരാഴ്ച മുന്പ് സന്ദര്‍ശനം കഴിഞ്ഞയുടന്‍ ഖാന്റെ ഓഫീസിലെ ചിലര്‍ തന്നെ വിളിച്ചു. കേന്ദ്രമന്ത്രി എന്തു പറഞ്ഞെന്ന് അറിയാന്‍ ഖാന് താല്പര്യമുണ്ടെന്നായിരുന്നു ഇവര്‍ അറിയിച്ചത്. അത് തനിക്കറിയില്ലെന്നും സീനിയര്‍ ഉദ്യോഗസ്ഥരോട് തിരക്കണമെന്നുമായിരുന്നു താന്‍ പറഞ്ഞത്. എന്നിട്ടും കഴിഞ്ഞ ജനുവരി 28ന് തന്നോട് മന്ത്രിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാവശ്യപ്പെട്ടു.

ജനുവരി 28 ന് താന്‍ മന്ത്രി ഖാന്റെ ഓഫീസിലെത്തിയപ്പോള്‍ അവിടെ പത്തു പതിനഞ്ചുപേരുണ്ടായിരുന്നു. ഒരു ചെറിയ ക്യാബിന്‍ ചൂണ്ടിക്കാട്ടി അവിടെയിരിക്കാന്‍ തന്നോട് മന്ത്രി പറഞ്ഞു. ക്യാബിനിലേക്ക് പോകാന്‍ മടി കാണിച്ചപ്പോള്‍ മന്ത്രി നിര്‍ബന്ധിച്ച് തന്നെ അങ്ങോട്ടു പറഞ്ഞയച്ചു.

കുറച്ചുകഴി‍ഞ്ഞ് ക്യാബിനിലെത്തിയ മന്ത്രി തന്നെ ഒരു ഇരയെപ്പോലെ കണ്ട് പെരുമാറുകയായിരുന്നുവെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നു. ലൈംഗിക ചുവയുള്ള ഭാഷയില്‍ സംസാരിച്ചുകൊണ്ട് തന്നെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. എന്ത് പ്രത്യുപകാരവും ചെയ്യാന്‍ തയാറാണെന്ന വാഗ്ദാനങ്ങളും നല്‍കി. പതിനഞ്ചു മിനിറ്റ് കഴി‍ഞ്ഞാണ് തനിക്ക് അവിടെനിന്ന് രക്ഷപ്പെടാന്‍ കഴി‍ഞ്ഞത്.

കേന്ദ്രമന്ത്രി താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിയപ്പോള്‍ കൂടെ ഖാനുമുണ്ടായിരുന്നു. എന്നിട്ടും തന്നില്‍നിന്ന് വിവരങ്ങള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. അന്ന് മന്ത്രി തങ്ങുകയായിരുന്ന സര്‍ക്യൂട്ട് ഹൗസിലെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷേ താന്‍ പോയില്ല.
രജൗരിയില്‍നിന്നുള്ള നിയമസഭാംഗമായ ഖാനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റങ്ങളനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :