ലഫ്.ഗവര്‍ണറെ ചോദ്യം ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്ന ഹസന്‍ അലി ഖാനെ സഹായിച്ചതിന് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ ഇഖ്ബാല്‍ സിംഗിനെ ചോദ്യം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് സിംഗിനെ ചോദ്യം ചെയ്യുക.

ബീഹാറിലെ രാഷ്ട്രീയ നേതാവായ അമലേന്ദു പാണ്ഡെയെ ചോദ്യം ചെയ്തപ്പോഴാണ് ഇഖ്ബാല്‍ സിംഗുമായി ബന്ധപ്പെട്ട സൂചനകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്. 1997 ല്‍ സിംഗ് കോണ്‍ഗ്രസ് എം‌പി ആയിരുന്ന സമയത്ത് ഹസന്‍ അലി ഖാന് പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ വഴിവിട്ട സഹായം നല്‍കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

ഹസന്‍ അലിക്ക് വിദേശത്തുള്ള സഹോദരനെ സന്ദര്‍ശിക്കാന്‍ പാസ്പോര്‍ട്ട് അനുവദിക്കണം എന്ന് ഇഖ്ബാല്‍ സിംഗ് കത്ത് നല്‍കിയിരുന്നു. എന്നാല്‍. അമലേന്ദുവിന്റെ ആ‍വശ്യത്തോട് അനുകൂല നിലപാട് എടുക്കുക മാത്രമാണ് ചെയ്തത് എന്നും ഹസന്‍ അലിയെ വ്യക്തിപരമായി അറിയില്ല എന്നുമാണ് ഇഖ്ബാല്‍ സിംഗ് നല്‍കിയിരിക്കുന്ന വിശദീകരണം.

ഹസന്‍ അലിഖാന്‍ എട്ട് ബില്യന്‍ ഡോളറിന് തുല്യമായ കള്ളപ്പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. ഇയാള്‍ക്ക് അന്താരാഷ്ട്ര ആയുധ വ്യാപാരി അദ്നാന്‍ ഖഗോഷിയുമായുള്ള ബന്ധവും അന്വേഷിച്ചു വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :