ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തമിഴ്നാട്ടില്‍ വ്യാഴാഴ്ച പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കരുണാനിധി കേന്ദ്ര നേതാക്കളായ സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, പ്രണാബ് മുഖര്‍ജി എന്നിവര്‍ക്ക് സന്ദേശമയച്ചിരുന്നു.
പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ ഭീകരനാണോ അല്ലയോ എന്ന് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത് എന്നും ലങ്കയിലെ ലക്ഷക്കണക്കിന് തമിഴ് വംശജരുടെ ജീവന്‍റെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കരുണാനിധി രാത്രി വൈകി ഇറക്കിയ മാധ്യമക്കുറിപ്പില്‍ പറഞ്ഞു. ലങ്കയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ഇന്ത്യ ഇടപെടണം എന്നാണ് കരുണാനിധി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ലങ്കന്‍ പ്രശ്നത്തിന്‍ എംഡിഎംകെ നേതാവ് വൈകോ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തത്. ശ്രീലങ്കന്‍ പ്രശ്നത്തില്‍ ലോകമെമ്പാടുമുള്ള തമിഴര്‍ക്ക് ഉത്കണ്ഠ ഉണ്ട്. ശ്രീലങ്കയില്‍ നടക്കുന്ന തമിഴ് കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇന്ത്യ ഉടന്‍ ഇക്കാര്യത്തില്‍ ഇടപെട്ടില്ല എങ്കില്‍ അനന്തരഫലങ്ങളെ നേരിടേണ്ടിവരും എന്നും വൈകോ മുന്നറിയിപ്പ് നല്‍കി