കര്‍ണാടകയിലെ ബെല്ലാരിയില്‍ ലക്ഷക്കണക്കിനു രൂപയുടെ കറന്‍സി നോട്ടുകള്‍ ഭാഗികമായി കത്തിയ നിലയില്‍ കണ്ടെത്തി. ഏകദേശം അഞ്ച് കോടി രൂപയുടെ നോട്ടുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്.
ഞായറാഴ്ച വൈകിട്ടാണ് ബെല്ലാരിക്ക് അടുത്തുള്ള അലിപുരഗ്രാമത്തില്‍ മഹാദേവതാ ക്ഷേത്രത്തിനു പിന്നില്‍ ഭാഗികമായി കത്തിച്ച നോട്ടുകള്‍ ചിതറിക്കിടക്കുന്നത് ഗ്രാമവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന കര്‍ഷക തൊഴിലാളികളാണ് നോട്ടുകള്‍ കണ്ടതും പൊലീസില്‍ അറിയച്ചതും.
തുടര്‍ന്ന്, പൊലീസ് നടത്തിയ വിദഗ്ധ പരിശോധനയില്‍ കത്തിയത് യഥാര്‍ത്ഥ നോട്ടുകള്‍ തന്നെയാണെന്ന് തെളിഞ്ഞു. ഒരു ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ നശിപ്പിച്ചിരിക്കുന്നത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
കത്തിക്കരിഞ്ഞ നോട്ടുകളുടെ ഭാഗങ്ങള്‍ രാസപരിശോധനയ്ക്കായി ബാംഗ്ലൂരിലേക്ക് അയച്ചിട്ടുണ്ട്. പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും ആരാണ് നോട്ട് കത്തിച്ചത് എന്നതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു.