റെയില്‍‌വേ സ്റ്റേഷനില്‍ സ്വാതി വെട്ടേറ്റുവീണപ്പോള്‍ സഹായിക്കാന്‍ ആരും ഓടിയെത്തിയില്ല, സിസി‌ടി‌വിയില്ല, പൊലീസുകാരില്ല - ചെന്നൈ നഗരം ഭീതിയില്‍

Chennai, Swathi, Murder, Nungambakkam, Infosis, ചെന്നൈ, സ്വാതി, നുങ്കം‌പാക്കം, ഇന്‍‌ഫോസിസ്, കൊലപാതകം
Last Modified വെള്ളി, 24 ജൂണ്‍ 2016 (21:46 IST)
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്നായിരുന്നു കുറച്ചുനാള്‍ മുമ്പുവരെ ചെന്നൈയെക്കുറിച്ചുള്ള എല്ലാവരുടെയും അഭിപ്രായം. എന്നാല്‍ ഇപ്പോള്‍ ദിനം‌പ്രതി ചെന്നൈയില്‍ നിന്നുവരുന്ന അക്രമസംഭവങ്ങളുടെ വാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നതാണ്.

നുങ്കം‌പാക്കം റെയില്‍‌വേ സ്റ്റേഷനില്‍ ഇന്‍‌ഫോസിസ് ജീവനക്കാരിയായ പെണ്‍കുട്ടിയെ ഒരാള്‍ വെട്ടിക്കൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കേസിന് ഒരു തുമ്പും ലഭിച്ചിട്ടില്ല.

പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ പ്രതി ആരാണെന്ന് കണ്ടെത്തിയിട്ടില്ല. റെയില്‍‌വെ സ്റ്റേഷനില്‍ സി സി ടി വി ക്യാമറയില്ല. സുരക്ഷാ ഉദ്യോഗസ്ഥരില്ല. പെണ്‍കുട്ടി വെട്ടേറ്റുവീണപ്പോള്‍ സഹായിക്കാനായി ആരും ഓടിയെത്തിയുമില്ല.

അശോക് പില്ലറിന് സമീപം ഒരാളെ ഒരുകൂട്ടം അക്രമികള്‍ വെട്ടിവീഴ്ത്തി 48 മണിക്കൂറുകള്‍ പോലും കഴിയുന്നതിന് മുമ്പായിരുന്നു സ്വാതിയുടെ കൊലപാതകം എന്നോര്‍ക്കണം. പിതാവ് സ്വാതിയെ ബൈക്കില്‍ റെയില്‍‌വെ സ്റ്റേഷനില്‍ എത്തിച്ച് മടങ്ങിയതിന് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു ഈ ദാരുണ സംഭവം.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ അഞ്ചോളം കൊലപാതകങ്ങള്‍ക്കാണ് ചെന്നൈ നഗരം സാക്‍ഷ്യം വഹിച്ചത്. അതില്‍ മൂന്നെണ്ണം പൊതുജനങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു എന്നതാണ് ഞെട്ടിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്താത്ത ഒരു സംഭവം, കഴിഞ്ഞ ആഴ്ച ഒരുകുടുംബത്തിലെ നാലുപേര്‍ റോയപ്പേട്ടയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടതാണ്.

ഏറ്റവും ആശങ്കപ്പെടുന്നത്, ജനങ്ങളുടെ പ്രതികരണശേഷിയെക്കുറിച്ചാണ്. നുങ്കം‌പാക്കം റയില്‍‌വേ സ്റ്റേഷനില്‍ ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരെത്തുന്നതാണ്. അതിരാവിലെ തന്നെ സ്റ്റേഷന്‍ യാത്രക്കാരാല്‍ നിറയും. അവര്‍ക്കിടയിലൂടെയാണ് സ്വാതിയെ വെട്ടിവീഴ്ത്തിയ ശേഷം കൊലക്കത്തിയുമായി അക്രമി നടന്നുപോയത്!

ആ സമയത്ത് ഒരു പൊലീസുകാരന്‍ പോലും പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്നില്ല എന്നതും സ്റ്റേഷനില്‍ സി സി ടി വി ക്യാമറകള്‍ വച്ചിട്ടില്ല എന്നതും ആശങ്കയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

ചെന്നൈയുടെ ഹൃദയമായാണ് നുങ്കം‌പാക്കത്തെ നോക്കിക്കാണേണ്ടത്. ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ഏരിയയും കൊമേഴ്സ്യല്‍ ഏരിയയുമാണ് നുങ്കം‌പാക്കം. അവിടെ റയില്‍‌വെ സ്റ്റേഷനില്‍ സി സി ടി വി ക്യാമറ സ്ഥാപിച്ചിട്ടില്ല എന്നത് എത്ര ഗുരുതരമായ വീഴ്ചയാണ് എന്നത് പറയേണ്ടതില്ല. ഈ സ്റ്റേഷനോട് ചേര്‍ന്നാണ് ചെന്നൈയുടെ അഭിമാനമായ ലയോള കോളജ് സ്ഥിതി ചെയ്യുന്നത്.

ഡല്‍ഹിയില്‍ നിന്നും ഉത്തര്‍‌പ്രദേശില്‍ നിന്നും എന്തിന് നമ്മുടെ കേരളത്തില്‍ നിന്നുപോലും അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും വാര്‍ത്തകള്‍ വരുമ്പോള്‍ ചെന്നൈ എങ്കിലും സുരക്ഷിതമാണല്ലോ എന്ന് ആശ്വസിച്ചിരുന്നു. ആ വിശ്വാസത്തിന് മേലാണ് നുങ്കം‌പാക്കം റെയില്‍‌വേ സ്റ്റേഷനില്‍ വച്ച് ഇന്ന് കൊലക്കത്തി ഉയര്‍ന്നുതാഴ്ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :