കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സിറ്റിംഗ് മണ്ഡലമായ റായ് ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപാധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധിക്കൊപ്പമെത്തിയാണ് സോണിയ പത്രിക നല്‍കിയത്. സോണിയ സഞ്ചരിച്ച വെളുത്ത എസ്‌യുവി കാര്‍ ഓടിച്ചിരുന്നതും രാഹുലാണ്. കലക്ടറേറ്റിലേക്കുള്ള യാത്രയ്ക്കിടെ പലയിടത്തും വാഹനം നിര്‍ത്തി പ്രവര്‍ത്തകരുടെ സ്വീകരണവും സോണിയ ഏറ്റുവാങ്ങി.
പുഷ്പവൃഷ്ടിയോടെയാണ് പ്രവര്‍ത്തകര്‍ സോണിയയെ ആനയിച്ചത്. പ്രവര്‍ത്തകര്‍ക്കിടയിലൂടെ വാഹനം കടത്തിക്കൊണ്ടുപോകാന്‍ സുരക്ഷാ ജീവനക്കാരും ഏറെ പാടുപെട്ടു. ഓരോ സ്വീകരണസ്ഥലത്തും വാഹനം പുഷ്പങ്ങള്‍ കൊണ്ട് മൂടിയ അവസ്ഥയിലായിരുന്നു. പാരമ്പര്യമനുസരിച്ച് സോണിയ പാര്‍ട്ടി ഓഫീസില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയിലും പങ്കുചേരുന്ന ശേഷമാണ് പത്രിക സമര്‍പ്പിച്ചത്.
2004 മുതല്‍ സോണിയ ഗാന്ധി മത്സരിക്കുന്ന മണ്ഡലമാണിത്. മുന്‍പ് മുന്‍ പ്രധാനമന്ത്രിയും ഭര്‍തൃമാതാവുമായ ഇന്ദിരാ ഗാന്ധിയാണ് മണ്ഡലം കൈവശം വച്ചിരുന്നത്. 1960-കളിലും 1980-ലെ തെരഞ്ഞെടുപ്പിലും ഇന്ദിര ഇവിടെ വിജയിച്ചിരുന്നു. ഇന്ദിര മത്സരത്തിനെത്തുന്നതിനു മുന്‍പ് ഭര്‍ത്താവ് ഫിറോസ് ഗാന്ധിയുടെയായിരുന്നു മണ്ഡലം.
1999ല്‍ അമേഠിയില്‍ മത്സരിച്ച സോണിയ പിന്നീട് രാഹുലിന് മണ്ഡലം ഒഴിഞ്ഞുകൊടുത്ത് റായ് ബറേലിയിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് തകിയ ഗ്രാമത്തില്‍ പര്യടനം നടത്തും. മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തലവനായിരുന്ന അലി മിയാന്റെ ജന്മസ്ഥലം കൂടിയാണിത്. റായ്ബറേലിയില്‍ സോണിയയുടെ പ്രചരണത്തിന്റെ ചുമതല മകള്‍ പ്രിയങ്കയ്ക്കാണ്. സുപ്രീം കോടതി അഭിഭാഷകനായ അജയ് അഗര്‍വാള്‍ ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി.