രണ്ടാം യുപിഎ സര്‍ക്കാറിന്റെ മൂന്നാമത്തെ റയില്‍വേ ബജറ്റ് മന്ത്രി മമതാ ബാനര്‍ജി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. യാത്രക്കൂലിയില്‍ വര്‍ദ്ധനയ്ക്ക് സാധ്യതയില്ലാത്ത ബജറ്റില്‍ റയില്‍ സുരക്ഷ, പ്രത്യേക ട്രെയിനുകള്‍, യുവാക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് മമത മുന്‍ഗണന നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. റയില്‍വേ കടുത്ത സാമ്പത്തിക ബാദ്ധ്യതയിലേക്ക് നീങ്ങുന്ന അവസരത്തില്‍ അവതരിപ്പിക്കുന്ന ഈ ബജറ്റ് ജനപ്രിയമാക്കാന്‍ മമതയ്ക്ക് നന്നേ പാടുപെടേണ്ടിവരും. ഇതിനാല്‍ ചെലവ് ചുരുക്കുന്നതിനായുള്ള നടപടികളും ബജറ്റില്‍ ഉണ്ടാവും.
കേരളം, പശ്ചിമബംഗാള്‍ എന്നിവ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം. റയില്‍വേയ്ക്ക് വേണ്ട സാമഗ്രികള്‍ നിര്‍മിക്കുന്നതിന് സ്വന്തമായൊരു വ്യവസായപാര്‍ക്കിന് ഈ ബജറ്റില്‍ നിര്‍ദേശമുണ്ടായേക്കും. കോച്ചുകള്‍ ഉള്‍പ്പെടെയുള്ള റയില്‍വേയുടെ വിവിധ ഘടകങ്ങള്‍ വ്യത്യസ്ത ഫാക്ടറികളിലാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്.
യാത്രാ-ചരക്ക് കൂലിയില്‍ നിന്നുള്ള വരുമാനത്തില്‍ 2010 ഏപ്രിലിനും ഡിസംബറിനുമിടയില്‍ നാലായിരം കോടിയുടെ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കയറ്റുമതിക്കുള്ള ഇരുമ്പയിരിന്റെ ലോഡിങ്ങില്‍ വന്ന കുറവ് വരുമാനക്കുറവിന് പ്രധാന കാരണമായി.
മമതാ ബാനര്‍ജി രണ്ടുവര്‍ഷംമുമ്പ് അവതരിപ്പിച്ച വിഷന്‍-2020 രേഖ നടപ്പാക്കാന്‍ ഓരോ ബജറ്റിലും നിശ്ചിത തുക അനുവദിക്കാനും സമയബന്ധിതമായി അവ നടപ്പാക്കാനുമായിരുന്നു ലക്‍ഷ്യമിട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ബജറ്റുകളിലെ പല തീരുമാനങ്ങള്‍ക്കൊപ്പം ഇതും കടലാസില്‍ ഒതുങ്ങുകയായിരുന്നു.
ബജറ്റിനെ കേരളവും ഒപ്പം പ്രവാസി മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ കാര്യത്തിലും പാലക്കാട്ടെ കോച്ച് ഫാക്ടറിയുടെ കാര്യത്തിലുമാണ് കേരളം പ്രധാനമായും പ്രതീക്ഷയര്‍പ്പിക്കുന്നത്. ഷൊര്‍ണൂര്‍-മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുക, മതിയായ ഫണ്ടനുവദിച്ച് പാത വൈദ്യുതീകരിക്കുക, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് തുടങ്ങുക, സ്‌റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ഒഴിവ് നികത്തുക, നിലവിലുള്ള ട്രെയിനുകളില്‍ ബോഗികള്‍ കൂട്ടുക തുടങ്ങിയ ആവശ്യങ്ങളില്‍ തീരുമാനമാകും എന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
കൊങ്കണ്‍ പാത വഴി പുതിയതായി മൂന്നു വണ്ടികളെങ്കിലും ഓടുമെന്നാണ് റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള ട്രെയിനുകള്‍ നവീകരിക്കാനും ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ടാകണമെന്നും പൊതുവില്‍ ആവശ്യം ഉയരുന്നുണ്ട്. പരിസ്ഥിതി സൗഹൃദ ടോയ്‌ലറ്റ് യൂണിറ്റ് നിര്‍മാണകേന്ദ്രത്തിനും ബജറ്റില്‍ നിര്‍ദേശമുണ്ടാകുമെന്നാണറിയുന്നത്.