രാഹുലിന് പ്രചാരണച്ചുമതല, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കില്ല

ന്യൂഡല്‍ഹി| WEBDUNIA|
PTI
രാഹുല്‍ ഗാന്ധിക്കായിരിക്കും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്തമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പ്രചാരണച്ചുമതലയാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കില്ലെന്നും സോണിയാഗാന്ധി അറിയിച്ചു.

പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീരുമാനമറിയിച്ചത്. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് പ്രവര്‍ത്തകസമിതിയിലെ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രചാരണത്തിന്‍റെ പൂര്‍ണ ചുമതല രാഹുലിനായിരിക്കുമെന്ന് മാത്രമാണ് സോണിയ മറുപടി നല്‍കിയത്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നാണ് സോണിയാഗാന്ധി അറിയിച്ചതെന്ന് ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു എന്നതുകൊണ്ട് മറ്റുള്ളവര്‍ അങ്ങനെ വേണമെന്നില്ലല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാതിരിക്കുന്നത് കോണ്‍ഗ്രസിന്‍റെ അടവുനയമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുകയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോല്‍‌വി നേരിടുകയും ചെയ്താല്‍ അത് രാഹുലിന്‍റെ രാഷ്ട്രീയ ഭാവിയെത്തന്നെ ദോഷകരമായി ബാധിക്കും. ഇത് തിരിച്ചറിഞ്ഞാണ് പ്രചാരണച്ചുമതല മാത്രം രാഹുലിന് നല്‍കുന്നത് എന്നാണ് വ്യാഖ്യാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :