രാഷ്‌ട്രപതി: കോണ്‍ഗ്രസിന് പിന്തുണ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 30 മെയ് 2007 (13:19 IST)

കോണ്‍ഗ്രസ്സ് രാഷ്ടപതി സ്ഥാനത്തേക്ക്‌ നിയോഗിയ്ക്കുന്ന സ്ഥാനാര്‍ഥിയ്ക്ക്‌ ഡിഎംകെ നിരുപാധിക പിന്തുണ വാഗ്‌ദാനം ചെയ്തു. തിങ്കളാഴ്ച സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡിഎംകെ നേതാവ്‌ എം കരുണാനിധി ഇതു സംബന്ധിച്ച ഉറപ്പ്‌ നല്‍കി.

ഇടതു പാര്‍ട്ടികളുമായും ബിഎസ്‌പിയുമായും ഇതേ തരത്തിലുള്ള ധാരണ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്‌ കോണ്‍ഗ്രസ്സ്‌. മായാവതി ഇക്കാര്യത്തില്‍ ഇതേ വരെ ഒരു അഭിപ്രായ പ്രകടനത്തിനും മുതിര്‍ന്നിട്ടില്ല.

രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിനു പകരമായി ഉപരാഷ്ടപതി സ്ഥാനം സംബന്ധിച്ച ആവശ്യമൊന്നും കരുണാനിധി ഉന്നയിച്ചിട്ടില്ല എന്നാണറിവ്‌. കരുണാനിധി സ്വന്തം ഇഷ്ടപ്രകാരം ഉറച്ച തീരുമാനങ്ങള്‍ അതതു സമയത്ത്‌ കൈക്കൊള്ളുന്നതാണ്‌ ദയാനിധി മാരന്‍റെ രാജി സമയത്ത്‌ കണ്ടത്‌. മന്ത്രിമാരെ നിര്‍ണ്ണയിക്കുന്നതു സംബന്ധിച്ച സമയക്രമം പോലും കരുണാനിധിയുടേതായിരുന്നു.

മാരനെ മാറ്റുന്നതു സംബന്ധിച്ചും പുതിയ മന്ത്രിയെ നിയോഗിയ്ക്കുന്നതു സംബന്ധിച്ചും പ്രധാനമന്ത്രിയ്ക്കോ കോണ്‍ഗ്രസ്സിനോ പ്രതേകിച്ച്‌ ഒരു ഭാഗധേയവും ഉണ്ടായിരുന്നില്ല. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ ഡിഎംകെ സ്വന്ത നിലയിലൊരു സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിയ്ക്കും എന്നാണറിവ്‌. പ്രണാബ് മുഖര്‍ജിയാണ് കോണ്‍ഗ്രസ്സ് പരിഗണനയില്‍ അവസാനം വന്നിട്ടുള്ളത്.

മറ്റ് നേതാക്കളുടെ കാര്യത്തില്‍ ഇടതു കക്ഷികള്‍ ആദ്യം തന്നെ എതിര്‍പ്പു പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സ്- ഇടത് പിന്തുണയോടെ പ്രണാബ് മുഖര്‍ജ്ജി മത്സരിച്ചേക്കും എന്നാണ് ഇപ്പോള്‍ കരുതുന്നത്. അതേ സമയം ഭരണരംഗത്ത് മികവു പുലര്‍ത്തുന്ന ഒരു നേതാവിനെ പാര്‍ട്ടിയ്ക്കു നഷ്ടമാകുന്ന അവസ്ഥയും സംജാതമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :