നിയമമന്ത്രിസ്ഥാനം രാജിവച്ച ശേഷം അശ്വിനി കുമാര്‍ മാധ്യമങ്ങളെ കണ്ടു. താന്‍ രാജിവച്ചത് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് എന്നും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനായിരുന്നു രാജിയെന്നും അശ്വിനി കുമാര്‍ പറഞ്ഞു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഒരു നേതാവും തന്നെ കൈവിട്ടിട്ടില്ല. സുപ്രീംകോടതി തന്നെ കുറിച്ച് ഒരു മോശം പരാമര്‍ശവും നടത്തിയിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും മുന്‍ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കല്‍ക്കരി വിവാദത്തില്‍ പെട്ട നിയമമന്ത്രി രാജിവച്ചത്. കല്‍ക്കരി കുംഭകോണത്തെ കുറിച്ചുളള സിബിഐ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ പരാമര്‍ശിക്കുന്ന ഭാഗം നീക്കംചെയ്യാന്‍ നിര്‍ദേശിച്ചുവെന്നതാണ് അശ്വിനി കുമാറിനെതിരെയുളള ആരോപണം.
അശ്വിനികുമാര്‍ രാജിവയ്ക്കേണ്ട എന്ന നിലപാടായിരുന്നു പ്രധാനമന്ത്രിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അഴിമതിയാരോപണ വിധേയരായ അശ്വിനികുമാറും പവന് കുമാര്‍ ബന്‍സലും ഉടന്‍ രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും കടുംപിടുത്തം പിടിക്കുകയായിരുന്നു.