രണ്ട് വ്യാജ പൈലറ്റുമാര്‍ കൂടി അറസ്‌റ്റില്‍

ജയ്പൂര്‍| WEBDUNIA|
PRO
PRO
വ്യാജ രേഖകളിലൂടെ ലൈസന്‍സ് നേടിയെടുത്ത രണ്ട് പൈലറ്റുമാര്‍ കൂടി തിങ്കളാഴ്ച പിടിയിലായി. ഡല്‍ഹി സ്പൈസ് ജെറ്റിലെ പൈലറ്റുമാരായ അനൂപ് ചൌധരി, അമിത് മൂന്ദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്‍. ഇവരെ ചൊവ്വാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്ന് രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഐ ജി ഉമേഷ് മിശ്ര അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായ രാജസ്ഥാന്‍ ഫ്ലൈയിംഗ് സ്കൂള്‍ ക്യാപ്റ്റന്‍ മോഹീന്ദ്രര്‍ കുമാര്‍, സങ്കനേര്‍ എയര്‍പോര്‍ട്ട് അസിസ്‌റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ജെയിന്‍ എന്നിവരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഇവരെ പിടികൂടാന്‍ സാധിച്ചത്.

മോഹീന്ദര്‍ കുമാ‍ര്‍ കഴിഞ്ഞ ജൂണില്‍ ഒരു പെണ്‍കുട്ടിയെ കബളിപ്പിച്ച കേസില്‍ സസ്പെന്‍ഷനില്‍ ആയിരുന്നു. ഹരിയാനയില്‍ നിന്നുള്ള നിധി വസിഷ്ഠ എന്ന വിദ്യാര്‍ത്ഥിനിക്ക് പൈലറ്റ് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ 11 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു കേസ്. 2006-ല്‍ ആയിരുന്നു സംഭവം.

രാജസ്ഥാന്‍ ഫ്ലൈയിംഗ് സ്കൂള്‍ അന്താരാഷ്‌ട്രതലത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഇതോടെ തട്ടിപ്പ് നടത്തിയ എട്ട് പൈലറ്റുമാര്‍ പിടിയിലായി. സ്പൈസ് ജെറ്റ് വിമാനക്കമ്പനിയില്‍ നിന്ന് നാലുപേരും ഇന്‍ഡിഗോയില്‍ നിന്ന് രണ്ടുപേരും എയര്‍ ഇന്ത്യ, എം ഡി എല്‍ ആര്‍ എന്നിവയില്‍ നിന്ന് ഓരോരുത്തരുമാണ് പിടിയിലായത്.

പൈലറ്റ് ജോലിയില്‍ തട്ടിപ്പ് വ്യാപകമാണെന്ന് വ്യക്തമായതോടെ വ്യോമയാന വിഭാഗം നിരീക്ഷണം കര്‍ശനമാക്കി. കോമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ പതിനായിരത്തോളം പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :