യെദ്യൂരപ്പ കോണ്‍ഗ്രസ്സില്‍ ചേരുമെന്ന് അഭ്യൂഹം!

ബംഗളൂരു| WEBDUNIA|
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് തിങ്കളാഴ്ച നടക്കുന്ന സപ്തതി ആഘോഷത്തിനിടെ രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കാനിരിക്കെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം ശക്തം. മുഖ്യമന്ത്രിസ്ഥാനമോ ബിജെപി സംസ്ഥാന അധ്യക്ഷപദവിയോ വേണമെന്ന ഉറച്ച നിലപാടിലാണ് യെദ്യൂരപ്പ. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം ഈ ആവശ്യത്തിന് വഴങ്ങുന്ന മട്ടില്ല. ഈ സാഹചര്യത്തിലാണ് യെദ്യുരപ്പ ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസ്സില്‍ പ്രവേശിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ പ്രസ്താവിച്ചിരിക്കുന്നത്.

ബംഗളൂരിലെ റെയ്‌സ് കോഴ്‌സ് റോഡിലെ വസതിയില്‍ നടക്കുന്ന സപ്തതി ആഘോഷവിരുന്നിലേക്ക് മന്ത്രിമാരും എംപിമാരും എംഎല്‍എമാരും അടക്കം എല്ലാ നേതാക്കളെയും യെദ്യൂരപ്പ ക്ഷണിച്ചിട്ടുണ്ട്. 65 എംഎല്‍എമാരും എംഎല്‍സിമാരും എംപിമാരുമടക്കം എണ്‍പതോളം നേതാക്കള്‍ ഒപ്പമുണ്ടെന്നാണ് യെദ്യൂരപ്പയുടെ അവകാശവാദം. സദാനന്ദ ഗൗഡയെ മാറ്റി യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയാണ് സപ്തതി സമ്മേളനം കഴിഞ്ഞാല്‍ മുഴങ്ങാന്‍ പോകുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

ഇരുമ്പയിര് ഖനന വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കുടുങ്ങിയാണ് യെദ്യൂരപ്പ രാജിവച്ചത്. തന്റെ വിശ്വസ്ത സദാനന്ദ ഗൗഡയെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് യെദ്യൂരപ്പ നിര്‍ദേശിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പദം ലഭിച്ചതോടെ സദാനന്ദ ഗൗഡയുടെ ഭാവം മാറി. ഒപ്പം കേന്ദ്ര നേതൃത്വത്തെയും തന്നോടൊപ്പം നിര്‍ത്താന്‍ ഗൌഡയ്ക്കായി. ഈ സാഹചര്യത്തില്‍ യെദ്യൂരപ്പ പുതിയ പാര്‍ട്ടിക്ക്‌ രൂപം നല്‍കുകയോ അല്ലെങ്കില്‍ മറ്റൊന്നില്‍ ചേരുകയോ ചെയ്യുമെന്നാണു കരുതുന്നത്‌. എന്തായാലും കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :