ഭൂമി ഇടപാട് കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്കിടക്കയില്‍ നിന്നായിരുന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ തിങ്കളാഴ്ച ലോകായുക്ത കോടതിയില്‍ ഹാജരായത്. എന്നാല്‍, കോടതിയില്‍ നിന്നിറങ്ങിയ യെദ്യൂരപ്പ നേരെ പോയത് ഒരു സിനിമാ തീയേറ്ററിലേക്കാണ്!
പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി യെദ്യൂരപ്പയെ ബാംഗ്ലൂരിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രമേഹവും രക്ത സമ്മര്‍ദ്ദവും അധികരിച്ചതിനാല്‍ ചികിത്സ തുടരണമെന്നും കോടതിയില്‍ നിന്ന് നേരെ ആശുപത്രിയിലേക്ക് മടങ്ങും എന്നുമായിരുന്നു യെദ്യൂരപ്പ പറഞ്ഞിരുന്നത്.
എന്നാല്‍, കോടതിയില്‍ നിന്ന് ഇറങ്ങിയ യെദ്യൂരപ്പയും കുടുംബവും നേരെ ഒരു സിനിമാ തിയേറ്ററിലേക്കാണ് പോയത്. ‘സിന്ധഗി ന മിലേഗി ദൊബാര’ എന്ന സിനിമയാണ് കര്‍ണാടക മുന്‍ മുഖ്യന്‍ കഴിഞ്ഞ ദിവസം കണ്ടത്. മക്കള്‍ക്കും മരുമകനും ഒപ്പമായിരുന്നു യെദ്യൂരപ്പ കോടതിയില്‍ എത്തിയത്
ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്ക് അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു യെദ്യൂരപ്പ കോടതിയിലെത്തിയത്. കോടതിയില്‍ സാധാരണ ജാമ്യത്തിനുള്ള അപേക്ഷ നല്‍കി. അപേക്ഷ ഏഴാം തീയതി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.