യു‌എസ് സഹകരണം: ഇടതിന് എതിര്‍പ്പ്

ന്യൂഡല്‍‌ഹി| WEBDUNIA|
യുപി‌എ സര്‍ക്കാരിന്‍റെ അമേരിക്കന്‍ അനുകൂല നിലപാടിനെതിരെ പ്രതിഷേധിക്കാന്‍ ഇടതുപാര്‍ട്ടികള്‍ ഒരുങ്ങുന്നു. അടുത്ത മാസം ബംഗാള്‍ ഉള്‍ക്കടലില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സംയുക്ത നാവികാഭ്യാസത്തിന് എതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഇടതിന്‍റെ തീരുമാനം.

ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ ഇടതിന് ഇപ്പോഴും ദഹിക്കാത്ത ഒന്നായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. അമേരിക്കയുടെ ആഗോള സൈനിക സജ്ജീകരണങ്ങളിലേക്ക് ക്രമേണ ഇന്ത്യയും ചെന്നുപെടുകയാവും ഇതിന്‍റെ അനന്തരഫലമെന്ന് ഭയപ്പെടുന്നതായി സിപി‌ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു.

ആഗസ്ത് ഏഴിന് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇടതുപാര്‍ട്ടികള്‍ യോഗം ചേരുന്നുണ്ട്. ആണവകരാര്‍ സംബന്ധിച്ച് സ്വീകരിക്കേണ്ട നിലപാടും, സെപ്തംബര്‍ 4ന് ആരംഭിക്കുന്ന സം‌യുക്ത നാവികാഭ്യാസത്തിനെതിരെ സ്വീകരിക്കേണ്ട നടപടികളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഇന്ത്യ, യു‌എസ്, ജപ്പാന്‍, ആസ്ട്രേലിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുക. അമേരിക്കയുടെ ആണവ വിമാനവാഹിനിക്കപ്പലായ യു‌എസ്‌എസ് നിമിറ്റ്‌സും അഭ്യാസത്തില്‍ പങ്കെടുക്കും. ആഗസ്ത് 10ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഈ പ്രശ്നം ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :