യുവാക്കളെ ഹിന്ദുസംഘടനകള്‍ തീവ്രവാദികളാക്കുന്നു!

ചെന്നൈ| WEBDUNIA|
രാജ്യത്ത് ഉണ്ടെന്ന് പ്രഖ്യാപിക്കുകയും വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം തന്റെ വാദമുഖങ്ങളില്‍ നിന്ന് തെല്ലും വ്യതിചലിക്കാന്‍ തയ്യാറാകുന്നില്ല. പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തിന് അനുവദിച്ച എക്സ്‌ക്ലുസീവ് അഭിമുഖത്തില്‍ പഴയ അഭിപ്രായം ചിദംബരം ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ ചില ഹിന്ദു സംഘടനകള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്നത് നഗ്നസത്യമാണെന്നാണ് ചിദംബരം പറഞ്ഞിരിക്കുന്നത്.

‘കാവി ഭീകരത’ എന്ന പ്രയോഗത്തിനെതിരെ സ്വന്തം പാര്‍ട്ടിയായ കോണ്‍‌ഗ്രസില്‍ നിന്നും പ്രതിപക്ഷകക്ഷിയായ ബിജെപിയില്‍ നിന്നും ചിദംബരത്തിന് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത് ഈയടുത്താണ്. എന്നാല്‍, താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ ശരിയായി വ്യാഖ്യാനിച്ചില്ലെന്നും ഇസ്ലാം മതവും ഹിന്ദുമതവും ക്രിസ്ത്യന്‍ മതവും ജൂതമതവുമൊക്കെ യുവതലമുറയെ തീവ്രവാദ ചിന്താഗതിയിലേക്ക് നയിക്കുന്നുവെന്നാണ് ചിദംബരം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്. മതം അടിസ്ഥാനമാക്കിയുള്ള, തീവ്രവാദസ്വഭാവമുള്ള സംഘങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്നും ചിദംബരം പറയുന്നു.

“ചില ഹിന്ദു സംഘടനകളെ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചുവെന്നതിന് മതിയായ രേഖകളുണ്ട്. അക്കാര്യമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. എന്നാല്‍ കാര്യമെന്താണെന്ന് മനസിലാക്കാതെ ചിലര്‍ ‘കാവി ഭീകരത’ എന്ന വാക്കില്‍ കടിച്ചുതൂങ്ങി എന്നെ വിമര്‍ശിക്കുകയാണ് ഉണ്ടായത്” - ചിദംബരം പറയുന്നു.

കേരളത്തില്‍ നടക്കുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങളെ പറ്റിയും ചിദം‌ബരം അഭിമുഖത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. കേരളത്തില്‍ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടുണ്ടെണ്ടെന്നും കേരളത്തിലെ ഈ അവസ്ഥ ആശങ്കാജനകമാണെന്നും ലഭിച്ച വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രവും കേരളത്തിലെ മതതീവ്രവാദം സൂക്ഷിച്ച് നിരീക്ഷിച്ച് വരികയാണെന്നും ചിദംബരം പറയുന്നു.

കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിനെ കുതിരക്കച്ചവടത്തിന്റെ പേരില്‍ ചിദംബരം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു -

“കര്‍ണാടക ബിജെപി എന്നും കുതിരക്കച്ചവടം നടത്തിയിട്ടുണ്ട്. ഇപ്പോഴും അതവര്‍ ചെയ്യുന്നു. എന്നാല്‍ കുതിരക്കച്ചവടത്തിലൂടെ സ്ഥിരതയുള്ള സര്‍ക്കാരിനെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ബിജെപി മനസിലാക്കണം. കര്‍ണാടകയില്‍ അസ്ഥിരത തുടരും എന്നാണ് എനിക്ക് തോന്നുന്നത്. കര്‍ണാടകത്തിലെ സവിശേഷ സാഹചര്യത്തെ മുന്‍‌നിര്‍ത്തി ചിലര്‍ കോണ്‍‌ഗ്രസിനെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കോണ്‍‌ഗ്രസ് ഒരിക്കലും ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനോ അല്ലെങ്കില്‍ നിലനിര്‍ത്താനോ സഹായിച്ചിട്ടില്ല. കര്‍ണാടകത്തില്‍ പ്രതിപക്ഷകക്ഷിയായി തുടരാനാണ് കോണ്‍‌ഗ്രസിന്റെ തീരുമാനം” - അഭിമുഖത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :