യുപിഎയ്ക്ക് മുന്‍‌തൂക്കമെന്ന് സര്‍വേ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 22 ഫെബ്രുവരി 2009 (15:24 IST)
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യു പി എയ്ക്ക് മുന്‍‌തൂക്കമുണ്ടെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്‍റെ സര്‍വേ. എന്നാല്‍ യു പി എയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ യുപിഎ 2004ല്‍ നേടിയ 36 ശതമാനം വോട്ടുകള്‍ നിലനിര്‍ത്തും. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയ്ക്ക് 29 ശതമാനം വോട്ടുകളായിരിക്കും ലഭിക്കുക. 2004നെ അപേക്ഷിച്ച് ഏഴു ശതമാനം കുറവാണിത്.

ഇടതു പാര്‍ട്ടികളും ബിഎസ്പിയും ആറു ശതമാനം വോട്ട് വീതം നേടുമെന്നും സര്‍വേ പറയുന്നു. വോട്ടുകളെ സീറ്റുകളാക്കി മാറ്റുമ്പോള്‍ യുപിഎയ്ക്ക് 215നും 235നും ഇടയില്‍ സീറ്റ് ലഭിക്കും. എന്നാല്‍ എന്‍ഡിഎ 165 - 185 സീറ്റിലൊതുങ്ങും.

2004ലെ ചരിത്ര വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും ഇടത് കക്ഷികള്‍ 35 മുതല്‍ 45 വരെ സീറ്റുകള്‍ നേടിയേക്കും. ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും നേട്ടമുണ്ടാക്കും. സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, തൃണമൂല്‍ എന്നീ കക്ഷികള്‍ ചേര്‍ന്നാല്‍ 90 മുതല്‍ 110 സീറ്റ് വരെ നേടിയേക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ കേരളം, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ചായ്‌വ് പ്രകടമാക്കുമ്പോള്‍ ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നായിരിക്കും എന്‍ ഡി എ മുന്നേറ്റമുണ്ടാവുക.

തമിഴ്നാട്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ തുല്യനിലയിലാരിക്കും പോരാട്ടം. യുപിഎ 215 - 235 സീറ്റുകള്‍ നേടുകയാണെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും പിന്തുണയോടെ യു പി എയ്ക്ക് അധികാരത്തില്‍ വരാമെന്നും സര്‍വേ പ്രവചിക്കുന്നു.

എന്നാല്‍ യുപിഎ 200 സീറ്റുകള്‍ നേടുകയും എന്‍ഡിഎയെ പിന്നിലാക്കുകയും ചെയ്യുകയാണെങ്കില്‍ ഇടത് പക്ഷം വീണ്ടും നിര്‍ണായക ശക്തിയാവുമെന്നും സര്‍വേ വ്യക്തമാക്കുന്നു. എന്‍ ഡി എ 185 സീറ്റുകള്‍ നേടുകയാണെങ്കില്‍ ബിഎസ്പി, എഐഎഡിഎംകെ, തൃണമൂല്‍, ടിഡിപി എന്നീ കക്ഷികളുടെ നിലപാടായിരിക്കും നിര്‍ണായകമാവുക.

ജനുവരി എട്ടിനും 15നും ഇടയ്ക്ക് രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള 16,569 പരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :