യു പി എയിലെ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്‍കിയെന്ന വാര്‍ത്ത പാര്‍ട്ടി നിഷേധിച്ചു. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കി.
മന്ത്രിമാരില്‍ നിന്ന് ഇതുവരെ ഇങ്ങനെ ഒരു കത്ത് ലഭിച്ചിട്ടില്ല. രാജിക്ക് തയ്യാറാണെന്ന് മന്ത്രിമാര്‍ ആരും വാക്കാല്‍ പോലും അറിയിച്ചിട്ടില്ലെന്നും ദ്വിവേദി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രിമാരായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നുള്ള മന്ത്രി വയലാര്‍ രവി, ജയറാം രമേശ്, സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ് എന്നിവര്‍ രാജിവയ്ക്കാന്‍ തയ്യാറായി എന്നും രണ്ടാം യു പി എ സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ മന്ത്രിസഭയിലും പാര്‍ട്ടിയിലും വന്‍ അഴിച്ചുപണിക്ക് സാധ്യത തെളിയുകയാണെന്നും സൂചനകള്‍ ഉണ്ടായിരുന്നു.