യുഎസ് രക്ഷാപദ്ധതി ആശങ്കാജനകം: പ്രണബ്

ന്യൂഡല്‍ഹി| WEBDUNIA|
അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഒപ്പുവച്ച 787 കോടി ഡോളറിന്‍റെ സാമ്പത്തിക രക്ഷാപദ്ധതിയിലടങ്ങിയിട്ടുള്ള പ്രതിരോധാത്മക സമീപനത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. രക്ഷാപദ്ധതിയിലെ ചില നിര്‍ദേശങ്ങള്‍ ലോക സമ്പദ്‌ വ്യവസ്ഥയില്‍ ആശങ്കയുളവാക്കുന്നതാണെന്ന്‌ ധനവകുപ്പിന്‍റെ കൂടി ചുമതല വഹിക്കുന്ന വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധാത്മക സമീപനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുമെന്ന് പ്രണബ് വ്യക്തമാക്കി. സാമ്പത്തിക രക്ഷാപദ്ധതി സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ മാന്ദ്യത്തിന്‍റെ ഭാഗമായി ഒഴിവാക്കിയ ജീവനക്കാര്‍ക്ക് പകരം നിയമനം നടത്തുമ്പോള്‍ അമേരിക്കന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായിരിക്കണം പ്രഥമ പരിഗണനയെന്ന നിര്‍ദേശത്തോട് പരോക്ഷമായി പ്രതികരിക്കുകയായിരുന്നു പ്രണബ്.

ഓരോ രാജ്യങ്ങളും ഇത്തരത്തില്‍ ധനരക്ഷാ പദ്ധതികള്‍ അവതരിപ്പിച്ചാല്‍ അത്‌ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാനേ കാരണമാകൂ. വേതനം വെട്ടിക്കുറച്ചും തൊഴില്‍ സംരക്ഷിക്കാനാണ് സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടതെന്നും പ്രണബ് പറഞ്ഞു.

അവശ്യ മേഖലകള്‍ക്ക് പണലഭ്യത ഉറപ്പ് വരുത്താനും അടിസ്ഥാന സൌകര്യ മേഖലകളില്‍ കുടുതല്‍ മുതല്‍ മുടക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അയല്‍രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ മാത്രമേ ഇത്തരമൊരു പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളുവെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു.

വിദഗ്ധ തൊഴിലാളികള്‍ക്കായി അമേരിക്ക പുറത്തിറക്കുന്ന 65000 എച്ച് 1 ബി വീസകള്‍ക്ക് വേണ്ടി ലഭിച്ചിരിക്കുന്ന 163000 അപേക്ഷകരില്‍ ഒരു ലക്ഷവും ഇന്ത്യയില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രണബിന്‍റെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :