ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ എച്ച് ആര് ഭരദ്വാജ് അനുമതി നല്കി. ആഭ്യന്തരമന്ത്രി ആര് അശോകയെ പ്രോസിക്യൂട്ട് ചെയ്യാനും ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കളിയാണെന്നാരോപിച്ച് ശനിയാഴ്ച കര്‍ണാടകയില്‍ ബന്ദിന് ബി ജെ പി ആഹ്വാനം ചെയ്തു.
രണ്ടു ദിവസം മുമ്പുതന്നെ യദ്യൂരപ്പയെ വിചാരണ ചെയ്യാനുള്ള അനുമതി നല്‍കുമെന്ന സൂചന ഗവര്‍ണര്‍ ഭരദ്വാജ് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യണമെന്ന ഒരു കൂട്ടം അഭിഭാഷകരുടെ ആവശ്യം അംഗീകരിക്കരുത് എന്ന് മന്ത്രിസഭ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ‘കള്ളന് തനിക്കെതിരെ നടപടിയെടുക്കരുത്’ എന്ന് പൊലീസിനോട് അപേക്ഷിക്കുന്നത് പോലെയാണ് മന്ത്രിസഭയുടെ ആവശ്യമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. പ്രോസിക്യൂഷന് അനുമതി നല്‍കണോ വേണ്ടയോ എന്നത് തന്റെ വിവേചനാധികാരമാണെന്നും അനുമതി നല്‍കാതിരിക്കുന്നത് ഭൂമി തട്ടിപ്പ് മൂടിവയ്ക്കാന്‍ മാത്രമേ സഹായകമാവൂ എന്നും ഭരദ്വാജ് പറഞ്ഞിരുന്നു.
തനിക്കെതിരെ “കള്ളന്” എന്ന പരാമര്‍ശം നടത്തിയ ഭരദ്വാജ് പരസ്യമായി മാപ്പുപറയണമെന്ന് യദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു. താന്‍ മാപ്പു പറയേണ്ട ആവശ്യമില്ല എന്ന് ഭരദ്വാജ് പ്രതികരിക്കുകയും ചെയ്തു.
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ മാറ്റമല്ല സംസ്ഥാനത്തെ ജനങ്ങളെ മൊത്തത്തില്‍ അപമാനിച്ചിരിക്കുകയാണെന്നാണ് ബിജെപിയുടെ നിലപാട്. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാനും ബി ജെ പി ആലോചിക്കുന്നു.