മെഡിമിക്സ് ഗ്രൂപ്പ് സ്ഥാപകന്‍ ഡോക്‌ടര്‍ വിപി സിദ്ധന്‍ (80) ചെന്നൈയില്‍ അന്തരിച്ചു. മദ്രാസ് മെഡിക്കല്‍ മിഷന്‍ കോളെജില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദ്രോഗത്തെത്തുടര്‍ന്ന് സിദ്ധന്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. പ്രശസ്ത ആയുര്‍വേദ വൈദ്യ കുടുംബമായ പൊന്നാനി എടമുട്ടം ചോലയിലെ അംഗമാണ്. ഇന്ത്യന്‍ റെയില്‍വേയില്‍ ഡോക്‌ടറായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. വിരമിച്ച ശേഷമാണു മെഡിമിക്സ് സ്ഥാപിച്ചത്. സൗഭാഗ്യമാണു ഭാര്യ, പ്രദീപ്, പ്രിയ എന്നിവര്‍ മക്കള്‍. അണ്ണാനഗര്‍ ന്യൂ ആവഡി റോഡിലുള്ള ശ്മശാനത്തില്‍ വൈകുന്നേരം അഞ്ചരയ്ക്ക് സംസ്കാരം നടക്കും.
പൊന്നാനി എടമുട്ടത്തെ ചോലയില്‍ എന്ന പ്രശസ്ത ആയുര്‍വേദ വൈദ്യ കുടുംബത്തില്‍ ജനിച്ച സിദ്ധന്റെ വഴിയും ആയുര്‍വേദത്തിന്റേതായിരുന്നു. ചെന്നൈയിലെ കില്‍പോക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിഎം ആന്‍ഡ് എസ് ബിരുദമെടുത്തശേഷം 1964-ല്‍ ഡോക്‌ടര്‍ സിദ്ധന്‍ ഇന്ത്യന്‍ റെയില്‍വേയില്‍ മെഡിക്കല്‍ ഓഫീസറായി. ഇരുപത്തിയഞ്ച് വര്‍ഷത്തെ നീണ്ട സേവനത്തിനൊടുവില്‍ 1989-ലാണ് ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്.
വിപ്രതി എന്ന എണ്ണയില്‍ നിന്നാണ് മെഡിമിക്സ് സോപ്പിന്റെ തുടക്കം. ത്വക് രോഗങ്ങള്‍ക്ക് പ്രതിവിധിയായി ചോലയില്‍ കുടുംബക്കാര്‍ ഉപയോഗിച്ചിരുന്ന വിപ്രതിയുടെ ചേരുവകകള്‍ ചേര്‍ത്ത് ഒരു സോപ്പ് നിര്‍മിച്ച് വിതരണം ചെയ്യണം എന്ന ചിന്തയില്‍ നിന്നാണ് മെഡിമിക്‌സ് പിറക്കുന്നത്. ആദ്യകാലങ്ങളില്‍ ചെന്നൈയിലെ അയനാവരത്തെ വീട്ടില്‍ വളരെ ചെറിയ തോതില്‍ സിദ്ധനും ഒരു സഹായിയും കൂടിയാണ് സോപ്പുണ്ടാക്കിയിരുന്നത്. വെറും അഞ്ഞൂറ് രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ മെഡിമിക്‌സ് ഇന്ന് 200 ലേറെ കോടി വിറ്റുവരവുള്ള സ്ഥാപനമാണ്.
മെഡിമിക്സ് ഇപ്പോള്‍ സോപ്പ് നിര്‍മാണ രംഗത്ത് മാത്രമല്ല ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മുള്ളര്‍ ആന്‍ഡ് പിപ്സില്‍ നിന്ന് കുട്ടിക്കൂറ ടാല്‍ക്കം പൗഡര്‍ മെഡിമിക്സ് ഏറ്റെടുത്തിരുന്നു. ഇതിനു പുറമെ ഭക്ഷ്യസംസ്‌ക്കരണത്തിലേക്കും വിപണന രംഗത്തേക്കും മെഡിമിക്സ് മേഖല വിപുലപ്പെടുത്തിയിട്ടുണ്ട്. ആയുര്‍വേദരീതിയിലുള്ള ഭക്ഷണം ലഭ്യമാക്കുന്ന സജ്ജീവനം എന്ന ഹോട്ടല്‍ ശൃംഖലയും മെഡിമിക്സിന്റേതാണ്.