ഇടുക്കി|
Last Updated:
ചൊവ്വ, 8 ഡിസംബര്‍ 2015 (12:33 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു. മൂന്ന് ഷട്ടറുകളാണ് ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ വീണ്ടും തുറന്നത്. പകല്‍ സമയത്ത് ജലം സ്പില്‍വേകള്‍ തുറന്ന് പെരിയാര്‍ വഴി ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഇത് സുരക്ഷാക്രമീകരണങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃഷ്ടിപ്രദേശത്ത് കനത്ത
മഴ പെയ്യുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും.
600 ഘന അടി വെള്ളം മൂന്നുഷട്ടറുകള്‍ ഉപയോഗിച്ച് ഒഴുക്കിക്കളയാമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളത്. ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 141.6 അടിയായിരുന്നു. തിങ്കളാഴ്ച രാത്രി മുന്നറിയിപ്പില്ലാതെ എട്ടുഷട്ടറുകള്‍ തമിഴ്നാട് തുറന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു.
ഷട്ടറുകള്‍ തുറക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഷട്ടറുകള്‍ തുറക്കുന്നതിന് വെറും എട്ടുമിനിറ്റ് മുമ്പാണ് മുന്നറിയിപ്പ് ലഭിക്കുന്നത്. തിങ്കളാഴ്ച ഷട്ടറുകള്‍ ഒന്നര ഇഞ്ചുവീതമാണ് ഉയര്‍ത്തിയത്. പുലര്‍ച്ചെ ഷട്ടറുകള്‍ അടച്ചതോടെയാണ് ആശങ്കയ്ക്ക് താല്‍ക്കാലിക ശമനമുണ്ടായത്.
കനത്ത മഴ പെയ്യുന്നതിനാല്‍ ജലനിരപ്പ് വീണ്ടും ഉയരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. കൂടുതല്‍ വെള്ളം വൈഗ റിസര്‍വോയറിലേക്ക് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതിയിരുന്നു.