മുംബൈ: ഇന്ത്യ തെളിവുകള്‍ കൈമാറി

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
മുംബൈ ഭീകരാക്രമണ കേസിനെ സംബന്ധിച്ച് പാകിസ്ഥാന്‍ ആവശ്യപ്പെട്ട തെളിവുകള്‍ ഇന്ത്യ കൈമാറി. പാകിസ്ഥാന്‍ ഉന്നയിച്ച 30 ചോദ്യങ്ങള്‍ക്കുള്ള മറുപടി ലഭിച്ചതായി പാക് ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക് വെള്ളിയാഴ്ച പറഞ്ഞു.

വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും വിദേശ മന്ത്രാലയത്തിന് ലഭിച്ച മറുപടി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനാണ് പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ക്ക് കൈമാറിയത്. 32 ഉത്തരങ്ങള്‍ അടങ്ങിയ മറുപടി രേഖ ലഭിച്ചതായി ഷാഹിദ് മാലിക് സ്ഥിരീകരിച്ചിട്ടുണ്ട്.

ഭീകരരുടെ വിരലടയാ‍ളങ്ങള്‍, പാകിസ്ഥാനിലെ കേന്ദ്രങ്ങളുമായി അവര്‍ നടത്തിയ സംഭാഷണത്തിന്‍റെ ടെലഫോണ്‍ സംഭാഷണ ശകലങ്ങള്‍, പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിര്‍ കസബിന്‍റെ ഡി എന്‍ എ സാമ്പിള്‍ തുടങ്ങിയ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് പാകിസ്ഥാന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയിരിക്കുന്നത് എന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പാകിസ്ഥാന്‍ അന്വേഷണത്തെ ഗൌരവതരമായി എടുക്കുന്നു എങ്കില്‍ കുറ്റവാളികളെ പിടികൂടാനാവശ്യമായ ശക്തമായ തെളിവുകള്‍ മറുപടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറ്റവാളികളെ പാകിസ്ഥാനില്‍ തന്നെ ശിക്ഷിക്കുകയോ അല്ലെങ്കില്‍ ഇന്ത്യയ്ക്ക് കൈമാറുകയോ ചെയ്യണമെന്നും ചിദംബരം ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :