ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ മാധുരി ഗുപ്ത കഴിഞ്ഞ മാസം ജമ്മുവില്‍ അതിര്‍ത്തി നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള സുന്ദര്‍ബനി സന്ദര്‍ശിച്ചിരുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രദേശവാസികളായ ഡോക്ടര്‍ ദമ്പതികള്‍ക്കൊപ്പമാണ് ഇവര്‍ സന്ദര്‍ശന സമയത്ത് കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിര്‍ത്തി നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള സുന്ദര്‍ബനി രജൌരി ജില്ലയിലാണ്. മാര്‍ച്ച് 28, 29 തീയതികളില്‍ മാധുരി ഇവിടം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇവരും ഡോക്ടര്‍ ദമ്പതികളും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍, മാധുരിക്ക് സര്‍ക്കാരിന്റെ ഉന്നത രഹസ്യങ്ങള്‍ അടങ്ങുന്ന രേഖകള്‍ പ്രാപ്യമല്ലായിരുന്നു എന്ന് വിദേശകാര്യ സഹമന്ത്രി പ്രിനീത് കൌര്‍ ലോക്സഭയില്‍ പറഞ്ഞു. ചോദ്യംചെയ്യല്‍ തുടരുകയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല എന്നും കൌര്‍ പറഞ്ഞു.
അറസ്റ്റിലായ ഐഎഫ്‌എസ് ഉദ്യോഗസ്ഥ മാധുരിക്ക് (53) പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഉറുദു തര്‍ജ്ജമ ജോലിയുടെ ചുമതലയായിരുന്നു. ഇവര്‍ ഇന്ത്യയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ചോര്‍ത്തിക്കൊടുക്കുന്നു എന്ന് തെളിഞ്ഞതോടെ ഇവരെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.