മാഡിസണ്‍ സ്ക്വയറില്‍ മോഡി മാനിയ!

അമേരിക്ക, നരേന്ദ്രമോഡി, മേക്ക് ഇന്‍ ഇന്ത്യ, പ്രധാനമന്ത്രി
മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന്‍| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (00:02 IST)
അമേരിക്കയിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിന്റെ തരംഗമുയര്‍ത്തി. പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത മോഡി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ച വിപ്ളവകരമായ ഒരു പ്രസംഗമാണ്‌ നടത്തിയത്. പ്രസംഗത്തില്‍ നിന്ന്:

ഒരു ഇന്ത്യന്‍ നേതാവിനും ഇതിനേക്കാളധികം സ്നേഹം നിങ്ങള്‍ നല്കിയിട്ടുണ്ടാവില്ല.
ഈ കടം ഞാന്‍ വീട്ടും. നിങ്ങള്‍ സ്വപ്നം കാണുന്ന ഇന്ത്യയെ നല്കിക്കൊണ്ട്.

പി ഐ ഒ കാര്‍ഡ് ഹോള്‍ഡേഴ്സിന്‌ ആജീവനാന്ത വിസ അനുവദിക്കും. കുറച്ചു നാളുകള്‍ക്കുള്ളില്‍ പ്രവാസികള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കും. പി ഐ ഒ കാര്‍ഡുകളും ഒ സി ഐ സ്കീമുകളും ഏകീകരിക്കും.

അമേരിക്കന്‍ വിനോദസന്ചാരികള്‍ക്ക് വിസാ ഓണ്‍ അറൈവലും ഇലക്ട്റോണിക് ട്രാവല്‍ ഓതറൈസേഷനും പരിചയപ്പെടുത്തും.

ഇന്ത്യ എഴുപത്തന്ചാം പിറന്നാളിലേക്ക് കടക്കുമ്പോള്‍ വീടില്ലാത്ത ഒരിന്ത്യക്കാരനും ഉണ്ടാവരുത് എന്ന സ്വപ്നമാണ്‌
എനിക്കുള്ളത്. ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്‍മവാര്‍ഷികദിനം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിനായി ഒരു സമ്മാനം നല്കേണ്ടത് നമ്മുടെ കടമയാണ്‌. വൃത്തിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചാ മനോഭാവവും ഉള്ള ആളായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിനുവേണ്ടി നമുക്ക് ഇന്ത്യയെ ശുദ്ധീകരിക്കാം.

ഗംഗാനദിയെ ശുദ്ധീകരിക്കുന്നതുപോലെ ദുഷ്കരമായ ജോലികള്‍ക്കായാണ്‌ ജനങ്ങള്‍ എന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ക്ളീന്‍ ഗംഗാ മിഷനുമായി സഹകരിക്കാന്‍ പ്രവാസികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇതിനുമുമ്പുള്ള ഭരണാധികാരികളെല്ലാം കൂടുതല്‍ നിയമങ്ങള്‍ കൊണ്ടുവരാനാണ്‌ ശ്രമിച്ചത്. ഞാന്‍ ശ്രമിക്കുന്നത് പഴകിദ്രവിച്ചതും ഉപയോഗശൂന്യവുമായ ആ നിയമങ്ങളെല്ലാം ഉപേക്ഷിക്കാനാണ്‌.

ശൌചാലയങ്ങള്‍ കെട്ടുന്നത് ഒരു ചെറിയ ജോലിയായി കരുതുന്നവരുണ്ടാകാം. എന്റെ വലിയ ലക്ഷ്യങ്ങളെ കുറിച്ച് പറയാനാണ്‌ പലരും ആവശ്യപ്പെടുന്നത്. ഞാന്‍ അവരോട് പറയുന്നത്, ഞാന്‍ ചായ വില്പ്പനയില്‍ നിന്നാണ്‌ ജീവിതം തുടങ്ങിയത്. ഞാന്‍ ഒരു സാധാരണക്കാരനാണ്‌. സാധാരണക്കാര്‍ക്കുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്.

അടുത്തകാലത്ത് ഡല്‍ഹിയില്‍ വന്ന ഒരു വാര്‍ത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ കൃത്യ സമയത്തുവരുന്നു എന്നാണ്‌. ഞാന്‍ ചോദിക്കുന്നു, അതൊരു വാര്‍ത്തയാണോ?. അതൊരു ഉത്തരവാദിത്തമല്ലേ?

എല്ലാവരും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്കില്‍ ഡവലപ്മെന്റിന്‌ വളരെയേറെ പ്രാധാന്യമാണ്‌ ഈ സര്‍ക്കാര്‍ നല്കുന്നത്. നമുക്ക് അതിനായി ഒരു പ്രത്യേക മന്ത്രാലയം തന്നെയുണ്ട്.

തെരഞ്ഞെടുപ്പ് ജയിക്കുന്നത് അധികാരക്കസേരയ്ക്ക് വേണ്ടിയല്ല. അത് വലിയ ഒരു ഉത്തരവാദിത്തമാണ്‌. ഞാന്‍ ഈ ഉത്തരവാദിത്തം ഏറ്റെടുത്തതിന്‌ ശേഷം 15 മിനിറ്റ് പോലും ഒരു വെക്കേഷന്‍ എടുത്തിട്ടില്ല - നരേന്ദ്രമോഡി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :