മമത ബംഗാള്‍ ജനതയെ അപമാനിച്ചു: യച്ചൂരി

ന്യൂഡല്‍ഹി| WEBDUNIA|
കമ്യൂണിസ്റ്റ് ആചാര്യന്‍ ജ്യോതിബസുവിന്റെ അന്തിമ ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്നതിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ബംഗാള്‍ ജനതയെ അപമാനിച്ചിരിക്കുകയാണെന്ന് സിപി‌എം നേതാവ് സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.

അന്ത്യയാത്രയില്‍ പങ്കെടുക്കാതിരിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്തതിലൂടെ മമത ചടങ്ങിനെത്തിയ ലക്ഷക്കണക്കിന് ബംഗാളുകാരെ അപമാനിച്ചിരിക്കുകയാണ്. ഇനി തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ്, ചടങ്ങുകളില്‍ റയില്‍‌വെ മന്ത്രി പങ്കെടുക്കാത്തതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു യച്ചൂരി.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഇത്തരം ചടങ്ങുകളില്‍ പങ്കാളിയാവുക എന്നത് ഇന്ത്യയില്‍ മാത്രമല്ല വിദേശങ്ങളിലും തുടര്‍ന്നു വരുന്ന സംസ്കാരമാണ്. അത് മര്യാദയുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും ഭാഗം കൂടിയാണെന്നും യച്ചൂരി പറഞ്ഞു. ബസുവിന്റെ അന്തിമ ചടങ്ങുകളില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്തത് അദ്ദേഹത്തിന്റെ സ്വീകാര്യതയുടെ തെളിവാണെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.

ജ്യോതി ബസുവിന്റെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ മമത ബാനര്‍ജി ആശുപത്രിയില്‍ എത്തിയിരുന്നു. ബസുവിന്റെ അന്തിമ ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മമത വാക്കു പാലിച്ചില്ല. ആശുപത്രിയില്‍ വച്ച് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ മമതയുടെ നേര്‍ക്ക് അസഭ്യ വര്‍ഷം നടത്തിയത് ചടങ്ങില്‍ വച്ചും ആവര്‍ത്തിച്ചേക്കാമെന്ന ഭയവും സിപി‌എം നേതാക്കളുമായി കണ്ടുമുട്ടുന്നത് ഒഴിവാക്കാനുമാണ് അവര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് എന്ന് ചില തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :