മമത തുറന്നടിക്കുന്നു: കോണ്‍ഗ്രസിന് പുറത്തുപോകാം

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുന്നു. കോണ്‍ഗ്രസിന് സഖ്യം വിടാമെന്ന് മമതാ ബാനര്‍ജി തുറന്നടിച്ചിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസും സി പി എമ്മും കൈകോര്‍ക്കുകയാണെന്നാണ് മമത പ്രധാനമായും ആരോപിക്കുന്നത്.

ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്ന് മമത ചൂണ്ടിക്കാട്ടി. ഇനിയും അതുപോലെ തന്നെ മുന്നോട്ട് പോകും. കോണ്‍ഗ്രസിന് മുന്നണി വിടാം, വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്- അവര്‍ വ്യക്തമാക്കി.

പെട്രോള്‍ വില വര്‍ധന, ലോക്പാല്‍ ബില്‍, ചില്ലറ വില്പന രംഗത്തെ വിദേശ നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രവുമായി ഇടഞ്ഞുനില്‍ക്കുകയാണ് തൃണമൂല്‍. ഇതിന്റെ പക പോക്കാനായി നിസ്സാര പ്രശ്നങ്ങള്‍ പോലും ബംഗാളില്‍ കോണ്‍ഗ്രസ് ഊതിപ്പെരുപ്പിക്കുകയാണെന്ന് മമത ആരോപിക്കുന്നു. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കുന്നതും കോണ്‍ഗ്രസിന് രസിക്കുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബംഗാളില്‍ ഒറ്റയ്ക്ക് അടിത്തറ വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. തൃണമൂലുമായുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് മമത ഇപ്പോള്‍ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :