മദ്യപിച്ച അധ്യാപകന്‍ പെണ്‍കുട്ടികളോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു

ഭോപാല്‍‍| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (13:58 IST)
ക്ലാസ് റൂമില്‍ വച്ച് മദ്യപിച്ച അധ്യാപകന്‍ പെണ്‍കുട്ടികളോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. അതിനു തയ്യാറാകാത്ത വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ കുഗ്രാമമായ ദിയോചോക്കി സ്‌കൂളിലെ മഹേഷ് മല്‍വിയ എന്ന അധ്യാപകനാണ് റിപ്പബ്ലിക് ദിനത്തില്‍ മദ്യലഹരിയില്‍ അഴിഞ്ഞാടിയത്. ഇയാളെ സ്കൂള്‍ അധികൃതര്‍ സസ്പെന്റ് ചെയ്തു.

ശനിയാഴ്ച 30 ഓളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് ജില്ലാ കളക്ടറെ കണ്ട് പരാതി നല്‍കിയപ്പോഴാണ് സംഭവം പുറം‌ലോകമറിഞ്ഞത്. പത്തു വയസ്സുകാരനായ ഒരു ആദിവാസി വിദ്യാര്‍ഥിയുടെ കൈയില്‍ കാശ് നല്‍കി മദ്യം വാങ്ങിപ്പിക്കുകയാണ് അധ്യാ‍പകന്‍ ആദ്യം ചെയ്തത്. അര കിലോമീറ്ററോളം അകലെ നിന്നാണ് ഈ ബാലന്‍ മദ്യം വാങ്ങിയത്. തുടര്‍ന്ന് ക്ലാസില്‍ വച്ച് തന്നെ അധ്യാപകന്‍ മദ്യപിച്ചു.

പിന്നീട് വാതില്‍ അടച്ച് പൂട്ടിയശേഷം പെണ്‍കുട്ടികളോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തങ്ങള്‍ക്ക് നൃത്തം അറിയില്ലെന്ന് പറഞ്ഞപ്പോള്‍ അധ്യാപകന്‍ ചൂരല്‍വടി ഉപയോഗിച്ച് ക്രൂരമായി അടിച്ചു എന്നും പെണ്‍കുട്ടികള്‍ പറയുന്നു. വാതില്‍ അടച്ചതിനാല്‍ രക്ഷപ്പെടാന്‍ സാധിച്ചില്ല. ഒടുവില്‍ ജനാല വഴി പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ കാട്ടില്‍ ഒളിക്കുകയായിരുന്നു.

പെണ്‍കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകളുണ്ട്. അധ്യാപകന്‍ മുമ്പും ക്രൂരമായി പെരുമാറിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. 2008-ല്‍ ഇയാള്‍ ഒരു ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :