മംഗലാപുരത്ത് വീണ്ടും ഗുണ്ടായിസം

മംഗലാപുരം| WEBDUNIA| Last Modified ബുധന്‍, 4 ഫെബ്രുവരി 2009 (09:18 IST)
മംഗലാപുരത്ത് തുടങ്ങിവച്ച ‘ധാര്‍മിക പൊലീസ്’ കളി ഇപ്പോള്‍ പ്രാദേശിക ഗുണ്ടകള്‍ ഏറ്റെടുത്തിരിക്കുന്നു. ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുന്ന രീതിയില്‍ സ്ത്രീകള്‍ വസ്ത്രം ധരിക്കരുതെന്നാണ് പ്രാദേശിക ഗുണ്ടകള്‍ നല്‍‌കിയിരിക്കുന്ന മുന്നറിയിപ്പ്. കയ്യില്ലാത്ത ബ്ലൌസ്, കയ്യില്ലാത്ത ടോപ്പ്, ഇറുക്കമുള്ള ജീ‌ന്‍‌സ് എന്നിവ ധരിച്ച് സ്ത്രീകര്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് മംഗലാപുരത്ത് ‘ധാര്‍മ്മിക പോലീസ്’ നല്‍‌കിയിരിക്കുന്ന കല്‍‌പന.

കേന്ദ്ര വനിതാ - ശിശുക്ഷേമ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി മംഗലാപുരത്ത് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ജോയിന്റ് സെക്രട്ടറി കിരണ്‍ ചദ്ദ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ - ശിശുക്ഷേമ മന്ത്രി രേണുകാ ചൌധരിക്ക് കൈമാറിയിട്ടുണ്ട്.

പബ് ആക്രമണവും തുടര്‍ന്നുള്ള പ്രാദേശിക സാംസ്കാരിക പൊലീസിന്റെ ഭീഷണികളും മാംഗ്ലൂരിലെ വനിതകളെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ വനിതകള്‍ക്ക് ഭയമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വനിതകളുടെ ഭയം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ഇതിനിടെ, വിദേശത്ത് ഉത്ഭവിച്ച വാലന്‍റൈന്‍ ദിനം ഇന്ത്യയില്‍ ആഘോഷിക്കുന്നതിനെതിരെ മാംഗ്ലൂരില്‍ തീവ്ര മത സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഫെബ്രുവരി പതിനാലിനാണ് വാലന്‍റൈന്‍ ദിനം. അന്ന് ഭാരതീയ സംസ്കാരത്തെ ഹനിക്കുന്ന ഒന്നും നടക്കാതിരിക്കാന്‍ ‘മാംഗ്ലൂര്‍ സാംസ്കാരിക പോലീസ്’ ദത്തശ്രദ്ധരാണെന്ന് അറിയുന്നു. പബ് അക്രമം പോലുള്ള എന്തെങ്കിലും ഫെബ്രുവരി പതിനാലിന് നടന്നേക്കുമെന്ന ഭയത്തിലാണ് യുവജനങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :