ഭ്രാന്തനായ കൊലയാളിയെ കീഴടക്കിയത് മലയാളി!

പുനെ| WEBDUNIA|
പുനെയില്‍ ബസ് തട്ടിയെടുത്ത് റോഡ് കുരുതിക്കളമാക്കിയ സന്തോഷ് മാരുതി മാനെ എന്ന കൊലയാളിയെ കീഴടക്കിയത് ഷെരീഫ് ഇബ്രാഹിംകുട്ടി എന്ന മലയാളി. ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ മരണപ്പാച്ചിലിനൊടുവില്‍, ബസിനെ പിന്തുടര്‍ന്നെത്തിയ ഷെരീഫ് അക്രമിയെ കീഴടക്കുകയായിരുന്നു.

ഷെരീഫ് കോളജിലേക്ക് പോകും വഴിയാണ് ഒരു ബസ് നിയന്ത്രണം വിട്ട് പാഞ്ഞുവരുന്നത് കണ്ടത്. എന്നാല്‍ അതൊരു ഭീകരനായ കൊലയാളിയുടെ പ്രകടനമാണെന്ന് മനസിലാക്കിയപ്പോള്‍ ഷെരീഫ് അന്തംവിട്ടു. പിന്നീട് ബൈക്കില്‍ ബസിന് പിന്നാലെ പാഞ്ഞു. അമ്പതിലധികം വാഹനങ്ങള്‍ തകര്‍ത്ത്, വഴിയാത്രക്കാരെയെല്ലാം ഇടിച്ചുതെറിപ്പിച്ച് ബസ് മുന്നോട്ടുകുതിച്ചു. പിന്നാലെ പൊലീസ് സംഘവുമുണ്ടായിരുന്നു.

ബൈക്ക് സ്പീഡില്‍ ഓടിച്ച് ബസിലേക്ക് ചാടിക്കയറുകയായിരുന്നു ഷെരീഫ് എന്ന 21കാരന്‍. പിന്നീട് സന്തോഷ് മാരുതി മാനെയെ തള്ളി താഴെയിട്ട ശേഷം ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ബസ് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു.

പൊലീസ് എത്തി അക്രമിയെ പിടികൂടി. ഇയാള്‍ മാനസിക വിഭ്രാന്തിയുള്ള ആളാണെന്നാണ് കരുതുന്നത്. സന്തോഷിന് ഇടയ്ക്കിടെ തലവേദന വരാറുണ്ടായിരുന്നതായി ഇയാളുടെ സഹോദരി വ്യക്തമാക്കി.

"70-80 കിലോമീറ്റര്‍ സ്പീഡിലാണ് ബസ് പാഞ്ഞുവന്നത്. സ്ത്രീകളെയും കുട്ടികളെയും ബൈക്ക് യാത്രക്കാരെയുമൊക്കെ ഇടിച്ചുവീഴ്ത്തി ബസ് പാഞ്ഞപ്പോഴാണ് ഞാന്‍ ബൈക്കില്‍ ബസിനെ പിന്തുടര്‍ന്നത്. പോള്‍ ഗേറ്റ് മുതല്‍ പാര്‍വതി റോഡിലെ നിലയം ടാക്കീസ് വരെ ഞാന്‍ വണ്ടിയുടെ പിന്നാലെ പോയി. പോകുന്ന വഴിക്ക് ബസിന്‍റെ മുമ്പില്‍ പെടുന്നവര്‍ക്കെല്ലാം രക്ഷപ്പെടാനുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു ഞാന്‍. ചിലര്‍ രക്ഷപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ മരണത്തിലേക്ക് പോയി” - ഷെരീഫ് പറയുന്നു.

“ഞാന്‍ ബസിനുള്ളില്‍ കയറി അയാളെ പിടികൂടിയപ്പോഴും ബസ് മുന്നോട്ടുപായിക്കാനുള്ള ആവേശത്തിലായിരുന്നു അയാള്‍. എന്നാല്‍ അയാളെ വിടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഉടന്‍ തന്നെ ഒരു പൊലീസുകാരനും ബസിനുള്ളിലേക്ക് ഓടിക്കയറി. പൊലീസുകാരനും ഞാനും ചേര്‍ന്ന് അയാളെ കീഴടക്കാന്‍ ശ്രമിച്ചു. അയാളെ ബലമായി പുറത്തിറക്കിയപ്പോള്‍ ‘എന്നെ കൊല്ലൂ’ - എന്ന് അയാള്‍ അപേക്ഷിക്കുന്നുണ്ടായിരുന്നു” - ഷെരീഫ് ഇപ്പോഴും ആ ഓര്‍മ്മയുടെ നടുക്കത്തിലാണ്.

ബസ് തട്ടിയെടുത്ത് ആളുകളെ ഇടിച്ചുകൊലപ്പെടുത്തിയത് ദുര്‍മന്ത്രവാദത്തിന്‍റെ പ്രേരണ മൂലമാണെന്ന് സന്തോഷ് മാരുതി മാനെ മൊഴി നല്‍കിയിട്ടുണ്ട്.

പൂനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവര്‍ ദുര്‍മന്ത്രവാദത്തിന്‍റെ പ്രേരണയെക്കുറിച്ച് പറഞ്ഞത്. യുദ്ധത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നതായി താന്‍ പലപ്പോഴും സ്വപ്നം കാണാറുണ്ടെന്ന് ഇയാള്‍ പറഞ്ഞു. തനിക്കെതിരെ ആരോ ദുര്‍മന്ത്രവാദം നടത്തുന്നുണ്ട്. താന്‍ അപശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും ഇയാള്‍ പറയുന്നു. ഫെബ്രുവരി ആറ് വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :